രാജേഷിന്റെ 'നൂല്‍ക്കൂട്ടില്‍' വിരിഞ്ഞത് പ്രകൃതിയും രാജ്യസ്‌നേഹവും
കണ്ണൂര്‍: ചാലാട് സ്വദേശി രാജേഷ് പച്ചയുടെ നൂല്‍ച്ചിത്രങ്ങളില്‍ വിരിഞ്ഞ പ്രകൃതി ദൃശ്യങ്ങളും രാജ്യസ്‌നേഹവും ആസ്വാദക മനം കീഴടക്കുന്നു. ചിത്രകല ഇതുവരെ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത രാജേഷിന്റെ നൂലുകള്‍ കൊണ്ടുള്ള വേറിട്ട ചിത്രങ്ങളാണ് ആസ്വാദകരെ വിസ്മയിപ്പിക്കുന്നത്.
കണ്ണൂര്‍ ട്രെയിനിങ് സ്‌കൂളിലെ മോഹന്‍ ചാലാട് ആര്‍ട് ഗാലറിയില്‍ ആരംഭിച്ച 'നൂല്‍ക്കൂട്ട്' ചിത്ര പ്രദര്‍ശനം ഇന്നു സമാപിക്കും. വൂളന്‍ ത്രെഡ് കട്ട് ആര്‍ട്ട് എന്നാണ് ഇത്തരം ചിത്രരചന അറിയപ്പെടുന്നത്. ആശ്രമം ചാലാട് എന്ന സംഘടനയുടെ സഹായത്തോടെയാണ് കണ്ണൂരില്‍ രാജേഷ് പ്രദര്‍ശനം നടത്തുന്നത്.
പുഴ വരളുമ്പോഴും കിണറിലെ വെള്ളം വറ്റുമ്പോഴും മാത്രം തോന്നേണ്ട ഒന്നല്ല ജലസംരക്ഷണവും പ്രകൃതി സ്‌നേഹവും എന്ന സന്ദേശം നല്‍കുന്ന വരള്‍ച്ചയുടെ ചിത്രം, ദേശരക്ഷക്ക് ജീവത്യാഗം ചെയ്ത ധീരജവാന്മാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള 'അമര്‍ ജവാന്‍ ജ്യോതി' എന്ന ചിത്രം, ആക്രമത്തിനും ഹര്‍ത്താലിനുമെതിരെയുള്ള ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. സ്വാമി വിവേകാനന്ദന്‍, എ.പി.ജെ അബ്ദുല്‍ കലാം, സുകുമാര്‍ അഴീക്കോട്, മദര്‍ തെരേസ, ചെഗുവേര തുടങ്ങിയ ചരിത്രവ്യക്തികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. മഹേഷ്ചന്ദ്ര ബാലിഗ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ആര്‍ വസന്തകുമാര്‍ അധ്യക്ഷനായി. ഹരീന്ദ്രന്‍ ചാലാട്, രാജേന്ദ്രന്‍ പുള്ളൂര്‍, പി.വി രത്‌നാകരന്‍, പി ബൈജു, എം.വി ശശിധരന്‍ സംസാരിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജനുവരി 15 മുതല്‍ മോഹനന്‍ ചാലാട് ആര്‍ട് ഗാലറിയില്‍ കണ്ണൂരിലെ പ്രമുഖ കലാകാരന്മാരുടെ പ്രധാന സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആശ്രമം ചാലാട് അധികൃതര്‍ അറിയിച്ചു. 'നൂല്‍ക്കൂട്ട്' ചിത്ര പ്രദര്‍ശനത്തിന്റെ സമാപന ചടങ്ങില്‍ മുന്‍ എന്‍.എസ്.ജി കമാന്‍ഡോ പി.വി മനീഷ് മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."