അകത്തും പുറത്തും പ്രതിഷേധവുമായി കൊച്ചി നഗരസഭ കൗണ്‍സില്‍
കൊച്ചി: ഇന്നലെ നടന്ന കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അകത്തും പുറത്തും പ്രതിഷേധം. രാജീവ് ഗാന്ധി ആവാസ് യോജനയില്‍(റേ) ഉപഭോക്തരായവരെ കബളിപ്പിക്കുന്നുവെന്നാരോപിച്ച് ഗുണഭോക്താക്കളായവര്‍ നഗരസഭ യോഗം നടക്കുമ്പോള്‍ കൗണ്‍സില്‍ ഹാളിനു വെളിയില്‍ പ്രതിഷേധം നടത്തി. ഇതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവച്ച് രാജീവ് ഗാന്ധി ആവാസ് യോജന പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ മേയര്‍ കൗണ്‍സില്‍ നടപടികളുമായി മുന്നോട്ടുപോയതോടെ പ്രതിപക്ഷാഗംങ്ങള്‍ കണ്‍സില്‍ തടസ്സപ്പെടുത്തി. ഇതേതുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിവെച്ച് സ്്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രതിപക്ഷത്തേയും ഉള്‍പ്പെടുത്തി യോഗം മേയറുടെ ചേമ്പറില്‍ ചേര്‍ന്നു. റേയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ മേയര്‍ നേരിട്ട് തിരുവനന്തപുരത്ത് പോകാമെന്ന ഉറപ്പു നല്‍കി. തുടര്‍ന്ന് പ്രതിപക്ഷനേതാവ് തീരുമാനം സമരക്കാരോട് വിശദീകരിച്ചു.
മട്ടാഞ്ചേരി രാജീവ് അവാസ് യോജന പദ്ധതിക്ക് കീഴില്‍ പെട്ടവരാണ് പ്രതിഷേധവുമായി എത്തിയത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഫഌറ്റുകള്‍ നിര്‍മിച്ച് നല്‍കാനുള്ള പദ്ധതിയാണ് രാജീവ് അവാസ് യോജന.
പദ്ധതിക്കായുള്ള സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം ലഭ്യമായിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. പദ്ധതിയുടെ കാലാവധി ഡിസംബറില്‍ നിന്ന് അടുത്ത മാര്‍ച്ച് വരെ നീട്ടിയതായും മേയര്‍ അറിയിച്ചു.
ഹോം നേഴ്‌സിംഗ് സ്ഥാപനം വഴി
തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
കൊച്ചി: ഹോം നേഴ്‌സിംഗ് സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ ആറാട്ടുപുഴ തോട്ടംപള്ളം രാമകൃഷ്ണനെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
കലൂര്‍ പോസ്റ്റോഫീസിന് സമീപം മൂന്നു വര്‍ഷമായി വി-കെയര്‍ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. വീടുകളിലും ഫളാറ്റുകളിലും മറ്റും പുരുഷന്‍മാരെയും സ്ത്രീകളെയും രോഗീപരിചരണത്തിനായി സ്ഥാപനം വഴി ജോലിക്ക് അയച്ച ശേഷം വീടുകളില്‍ നിന്ന് ജോലിക്കാരുടെ ശമ്പളം മുന്‍കൂറായി വാങ്ങിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ജോലിക്കാരുടെ ശമ്പളം വാങ്ങിയ ശേഷം മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കൂടാതെ ഇയാള്‍ ഹോം നഴ്‌സിംഗ് ജോലിക്കു വരുന്ന സ്ത്രീകളെ ലൈംഗിക പ്രവര്‍ത്തിക്കു പ്രേരിപ്പിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നതായും പൊലിസിന് പരാതി ലഭിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നോര്‍ത്ത് എസ്.ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ പ്രദീപ്, ഓസ്റ്റിന്‍, എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
റെയില്‍വേ പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ ഇഴയുന്നു
പി.എം മാഹിന്‍
കാക്കനാട് : മൂന്നു മലയോര ജില്ലകളിലൂടെ കടന്നുപോകുന്ന ശബരിപാത നിര്‍മ്മാണം കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ മലയോരപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിക്ക് 1978ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയത്.സ്ഥലം സര്‍വ്വേ നടത്തി ഏറ്റെടുക്കുന്നതിനായി ആരംഭിച്ച സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയിട്ട് 5 വര്‍ഷത്തോളമായി. ശബരി പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും സര്‍വ്വെ ഓഫീസുകള്‍ നിര്‍ത്താലാക്കിയതിനാല്‍ ജില്ലാ ഭരണകൂടം തുക കൈപ്പറ്റിയിട്ടില്ല.
കാലടി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭൂവുടമകള്‍ക്കാണ് തുക അനുവദിച്ചത്. സര്‍വ്വേ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ ഉടന്‍ കത്ത് നല്‍കുമെന്ന് റെയില്‍വെ അധികൃതറില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.199798 കാലഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി പെരുമ്പാവൂരില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ ആരംഭിച്ചെങ്കിലും 512 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്.പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാത്തതിനാല്‍ ഭൂവുടമകള്‍ നട്ടം തിരിയുകയാണ്. ഭൂമി മുഴുവനായോ, ഭാഗീകമായോ ക്രയവിക്രയം നടത്തി നിലവിലെ വീടുകള്‍ പുതുക്കി പണിയുന്നതിനോ, മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കൊ പണം കണ്ടെത്താന്‍ കഴിയാതെ വീട്ടിലിരുക്കുകയാണ്. ആര്‍ക്കും വേണ്ടാത്ത ശബരിപാതയുടെ പേരില്‍ ഭൂവുടമകള്‍ മാത്രം എന്തിനാണ് സഹിക്കുന്നത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം കേരളത്തിലെ പല റെയില്‍ പാത വികസനങ്ങളും മെല്ലെ പോക്കിലാണ്. ഹരിപ്പാട്, അമ്പലപ്പുഴ, ചിങ്ങവനം, ചങ്ങനാശ്ശേരി, കുറുപ്പംന്തറ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുത്തു നല്‍കുന്നില്ല. 2017 ല്‍ പൂര്‍ത്തീകരിക്കേണ്ടതായ ചിങ്ങവനം ചങ്ങനാശ്ശേരി പാത നിര്‍മ്മാണവും നീണ്ടുപോകുന്നു.
ഒന്‍പതു മാസം മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതായ ചങ്ങനാശ്ശേരി തിരുവല്ല രണ്ടാം പാത ഈ മാസം അവസാനത്തോടെ കമ്മീഷന്‍ ചെയ്യേണ്ടതാണ്. ഉടമകളുമായി വില ഉറപ്പിച്ച ഭൂമി പോലും ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.ഭൂമി ഏറ്റെടുക്കുന്നതിന് വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി സുധാകരന്റെ നേതൃത്വത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്‍മാരുടേയും, കോട്ടയംആലപ്പുഴ കളക്ടര്‍മാരുടേയും സംയുക്ത യോഗം ചേര്‍ന്നെങ്കിലും തീരുമാനം എങ്ങുമെത്തിയില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കെ ഈ വര്‍ഷം കേരളത്തിനുവദിച്ച ബഡ്ജറ്റ് വിഹിതത്തില്‍ ഭൂരിഭാഗവും തിരിച്ചെടുക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. ഇത് അടുത്ത വര്‍ഷ ബഡ്ജറ്റ് വിഹിതത്തെ കാര്യമായി ബാധിക്കും.
റിലയന്‍സ് കേബിള്‍ ഇടപാടുമായി ബന്ധപ്പെട്ട
നാലു ഫയലുകളും മേയര്‍ കൗണ്‍സിലില്‍ വച്ചു
കൊച്ചി: ഏറെ വിവാദത്തിന് വഴിതെളിച്ച റിലയന്‍സ് ഭൂഗര്‍ഭ കേബിള്‍ ഇടപാടുമായി ബന്ധപ്പെട്ട നാലു ഫയലുകളും മേയര്‍ സൗമിനി ജെയിന്‍ ഇന്നലെ കൗണ്‍സിലില്‍ വച്ചു.
2006 മുതലുളള ഫയലുകളാണ് ഇതിലുളളത്. റിലയന്‍സില്‍ നിന്ന് നടപ്പുവര്‍ഷം വരെയുളള വാടക ലഭിച്ചതായും മേയര്‍ അറിയിച്ചു. അതേസമയം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ഭരണകക്ഷിയിലെ പി.എം ഹാരിസ് അവിഹിതമായ കേബിള്‍ ഇടപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.രാത്രി ഒരു മണിക്ക് ശേഷം നഗരത്തിന്റെയും പശ്ചിമകൊച്ചിയുടെയും വിവിധ ഭാഗങ്ങളില്‍ കേബിളിടുന്നതിനായി ഭൂമി കുഴിക്കുന്നുണ്ടെന്ന കൗണ്‍സിലര്‍മാരുടെ പരാതി ലാഘവത്തോടെ തളളിക്കളയരുതെന്ന് ഹാരിസ് പറഞ്ഞു. ബി.എസ്.എന്‍.എല്‍ ലൈനുകള്‍ മുറിച്ചുകൊണ്ടാണ് പല ഭാഗത്തും പുതിയ കേബിളിടുന്നത്. കേബിള്‍ ഇടപാടില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്. നിലവിലുളള ഫയലുകള്‍ പൂര്‍ണ്ണമല്ല. നഗരസഭയുടെ ഇടനാഴികളിലൂടെ റിലയന്‍സിന്റെ ഏജന്റുമാര്‍ കറങ്ങി നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആരോപണവിധേയരായ റിലയന്‍സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഹാരിസ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വിഭാഗം ചെയര്‍മാനായ തന്നെ അറിയിക്കാതെ മേയറും കൗണ്‍സിലറും കൂടി എം.ജി റോഡില്‍ കേബിള്‍ കുഴിക്കുന്ന സ്ഥലം സന്ദര്‍ശിച്ചതിലും അദ്ദേഹം അതൃപ്തി അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കേണ്ട ജനകീയാസൂത്രണ പദ്ധതികള്‍ വര്‍ക്ക്‌സ് കമ്മിറ്റി മേല്‍നോട്ടം വഹിക്കുമെന്ന് മേയര്‍ പറഞ്ഞു. 30 ഡിവിഷനുകള്‍ക്ക് ഒരു അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ബെനഡിക്ട് ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. ജനകീയാസൂത്രണത്തില്‍ 660 പദ്ധതികളാണുളളത്. ഇതുവരെ 552 പദ്ധതികള്‍ നഗരസഭയില്‍ ലഭിച്ചു. 445 എണ്ണം ടെന്‍ഡര്‍ ചെയ്തതായി മേയര്‍ പറഞ്ഞു. 79 ശതമാനം പദ്ധതികള്‍ക്കാണ് ടെന്‍ഡര്‍ അനുമതി ലഭിച്ചിരിക്കുന്നത്.
മറൈന്‍ഡ്രൈവിലെ മഴവില്‍പ്പാലവും ഫോര്‍ട്ടുകൊച്ചി ബീച്ചും ഉള്‍പ്പടെ നഗരത്തിലെ മുഴുവന്‍ ഭാഗങ്ങളും കയ്യേറുന്ന വഴിയോര കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.ജെ ആന്റണി ആവശ്യപ്പെട്ടു. ചിലവന്നൂര്‍ കായല്‍ കയ്യേറി ഫഌറ്റ് നിര്‍മ്മിച്ച ഡി.എല്‍.എഫിന് വെറും ഒരു കോടി രൂപ പിഴയിട്ട ഹൈക്കോടതി വിധി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിധിക്കെതിരെ നഗരസഭ സുപ്രീംകോടതിയെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ സമയം കഴിഞ്ഞും തുടര്‍ന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന അംഗമായ ടി.കെ ഹംസക്കുഞ്ഞ് കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. ആറുമണിക്കുമുന്‍പ് കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് നിയമം എന്നാല്‍ സമയം കഴിഞ്ഞും ചര്‍ച്ചകള്‍ തുടര്‍ന്നതാണ് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായിരുന്ന ഹംസക്കുഞ്ഞിനെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."