പിണറായിയാണോ രാജ്‌നാഥ് സിങ്ങാണോ സംസ്ഥാന ആഭ്യന്തരമന്ത്രിയെന്ന് ചെന്നിത്തല
തൃശൂര്‍: പിണറായി വിജയനാണോ രാജ്‌നാഥ് സിങ് ആണോ കേരളത്തിലെ ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ ഡി.സി.സി ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുന്ന നിലയിലേക്ക് പൊലിസിനെ മാറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടം മാറുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.
യു.എ.പി.എ നിയമത്തിനെതിരെ പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കേരളത്തില്‍ ആദ്യ യു.എ.പി.എ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയാണ്.
എവിടേയെങ്കിലും പ്രസംഗിച്ചതിന്റേയോ എന്തെങ്കിലും എഴുതിയതിന്റേയോ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. ആഭ്യന്തരവകുപ്പ് തീര്‍ത്തും പരാജയപ്പെട്ടു. വകുപ്പിനെ മര്യാദക്ക് കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകള്‍ എങ്ങിനെ കൊല്ലപ്പെട്ടു എന്നതിന് മറുപടി പറയാന്‍ പിണറായി വിജയന്‍ ഇതുവരെ തയാറായിട്ടില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മാവോയിസ്റ്റുകളായ രൂപേഷിനേയും ഷൈനയേയും പിടികൂടുന്നത്. ഇരുവരുടേയും ശരീരത്തില്‍ ഒരു പോറല്‍ പോലും എല്‍ക്കാതെ വേണം പിടികൂടാനെന്ന്് താന്‍ അന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാവോയിസ്റ്റുകളെ ഒതുക്കുന്നതിന് താന്‍ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."