എസ്.എന്‍.ഡി.പി തലപ്പിള്ളി യൂനിയനെതിരേ ശ്രീനാരായണീയര്‍ രംഗത്ത്
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എസ്.എന്‍.ഡി.പി യൂനിയനെതിരെ ഒരു വിഭാഗം ശ്രീനാരായണീയര്‍ ഗുരുതര ആരോപണവുമായി രംഗത്ത്. 90 വര്‍ഷം പഴക്കമുള്ളതും, ശ്രീനാരായണ ഗുരുദേവന് സ്ഥാപിച്ചതുമായ ക്ഷേത്രം പൊളിച്ചുമാറ്റി എസ്.എന്‍.ഡി.പിയുടെ മഹത്തായ പൈതൃകം തന്നെ യൂനിയന്‍ ഭാരവാഹികള്‍ തകര്‍ത്തു. ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് വന്‍ അഴിമതിയാണ് നടത്തിയതെന്ന് യൂനിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വേണു പാക്കത്ത് കുറ്റപ്പെടുത്തി.
ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണയില്ലാത്ത ഭരണസമിതിയാണ് തലപ്പിള്ളിയിലേത്. കാലാവധി കഴിഞ്ഞ ഈ ഭരണസമിതി പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയതായും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കാണെന്നും വേണു പാക്കത്ത് അറിയിച്ചു.
തലപ്പിള്ളി യൂനിയനിലെ 46 ശാഖകളില്‍ 27 ശാഖകളുടേയും പിന്തുണ തങ്ങള്‍ക്കാണ്.
അഴിമതിയും, സ്വജനപക്ഷപാതവുമാണ് മുഖമുദ്ര. തങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത ശാഖാ ഭാരവാഹികളെ ഒഴിച്ചുനിര്‍ത്തി യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജനാധിപത്യ സംവിധാനങ്ങള്‍ തന്നെ തകര്‍ക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ മണലിത്തറ ശാഖാ പ്രസിഡന്റ് ടി.എസ് കേശവന്, കെ.ടി രാജന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."