ജില്ലാ സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പറവൂര്‍: ഇരുപത്തൊമ്പതാമത് റവന്യു ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ഉള്‍പ്പെടെ പതിനാറ് വേദികളിലായി ജനുവരി മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം പരിസ്ഥിതി സൗഹൃദ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഹരിത കലോത്സവമാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. ഇക്കുറി ആകെ 11500 മത്സരാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്നലെ രാവിലെ നടന്ന പന്തല്‍ കാല്‍നാട്ടുകാര്‍മം മുന്‍ എം.എല്‍.എ പി രാജു നിര്‍വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെന്നി തോമസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, നഗരസഭാകൗണ്‍സിലര്‍മാരായ കെ.എ വിദ്യാനന്ദന്‍, എസ് ശ്രീകുമാരി, ടി.വി നിഥിന്‍, ജലജ രവീന്ദ്രന്‍, കെ.ജെ ഷൈന്‍, സ്റ്റേജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സുരേഷ്, കണ്‍വീനര്‍ വിനു വി.വി, കെ.എ നൗഷാദ്, ശങ്കര്‍ എം, പ്രധാനാധ്യാപിക ഗീതാകുമാരി, ജോര്‍ജ് ബാസ്റ്റ്യാന്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യ വേദിയായ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മാത്രം 4500 സ്‌ക്വയര്‍ ഫീറ്റിലാണ് പന്തല്‍ നിര്‍മിക്കുന്നത്. പതിനാറ് വേദികളിലായി 24000 സ്വാകയര്‍ ഫീറ്റ് പന്തലുകളാണ് നിര്‍മിക്കുന്നത്.
ഹരിത കലോത്സവമാക്കുന്നതിന്റെ ഭാഗമായി ഫ്‌ളക്‌സുകള്‍ ഒഴിവാക്കി തുണികളുടെ ബാനറുകളാവും ഉപയോഗിക്കുക. ഇത് ചെലവ് വര്‍ധിക്കുമെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം സ്‌പോണ്‍സര്‍മാരെ കണ്ടെണ്ടത്താന്‍ നടത്തിപ്പുകാര്‍ വിഷമിക്കുകയാണ്.
നോട്ട് പ്രതിസന്ധി കലോത്സവ ചിലവുകളേയും ബാധിക്കുന്നുണ്ടെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ കെ.എ നൗഷാദ് പറഞ്ഞു. ഭക്ഷണ കമ്മിറ്റിക്കാര്‍ പരാതികള്‍ ഇല്ലാത്തവിധം ഗുണനിലവാരമുള്ള ഭക്ഷണം തയ്യാറാക്കി സമയബന്ധിതമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."