ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ ഏഴ് മരണം
ആലപ്പുഴ: വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആലപ്പുഴ ജില്ലയില്‍ ഏഴു പേര്‍ മരണപ്പെട്ടു. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരും നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടുയുവാക്കളും ലോറി ബൈക്കിലിടിച്ച് കോടതി ജീവനക്കാരനും കോയിക്കല്‍ ചന്തക്ക് സമീപം ബൈക്കപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയുമാണ് മരിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ അരൂര്‍ പള്ളിയ്ക്കു സമീപം ലോറി ഇടിച്ചു വീട്ടമ്മയും മരണമടഞ്ഞു.
ചങ്ങനാശേരി റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രാമങ്കരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കവലയ്ക്കല്‍ മാത്തുക്കുട്ടിയുടെ മകന്‍ നെവിന്‍ (21), മാമ്പുഴക്കരി മന്ദത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിഖില്‍ (21) എന്നിവരാണ് മരിച്ചത്. നിഖിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ചിത്തിരയില്‍ റജിയുടെ മകന്‍ യശ്വന്തിനെ ഗുരുതരപരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 12.20 ഓടെ മാമ്പുഴക്കരി ജംഗ്ഷനു സമീപത്തുള്ള ബ്രീസ് ഹോട്ടലിനു മുന്‍വശത്താണ് അപകടം നടന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
ഇരുവരുടെയും സംസ്‌കാരം നാളെ വൈകുന്നേരം നാലിന് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍. നെവിന്റെ മാതാവ് ജോയിസ് ചെത്തിപ്പുഴ കറുകപ്പള്ളി കുടുംബാംഗമാണ്. സഹോദരങ്ങള്‍ : നിക്കു മാത്യു (യു.കെ), ലീനാ മാത്യു(കുവൈറ്റ്). നിഖിലിന്റെ മാതാവ്് അനില . സഹോദങ്ങള്‍ നിപു തോമസ്, നിതിന്‍ തോമസ്.
കലവൂരില്‍ നടന്ന മറ്റൊരു അപകടത്തില്‍ കോടതി ജീവനക്കാരനായ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 4 -ാം വാര്‍ഡില്‍ വലിയവേലിക്കകത്ത് മനോഹരന്റെ മകന്‍ സുധീര്‍(43) ആണ് മരിച്ചത്. കലവൂര്‍ റേഡിയോനിലയത്തിനുമുന്നില്‍ രാത്രി ഒന്‍പത് മണിയോടെ മറ്റൊരുവാഹനത്തെ മറികടന്നെത്തിയ ലോറി സുധീറിന്റെ ബൈക്കിലിടിക്കുകയായിരുന്നു. തങ്കമ്മയാണ് മാതാവ്.ഭാര്യ സ്വപ്ന.മക്കള്‍:തീര്‍ത്ഥ,ശബരിനാഥ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അരൂരില്‍ നടന്ന അപകടത്തില്‍ അരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കണ്ണംപള്ളി പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (72) ആണ് മരിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ ആറു മണിയോടെ അരൂര്‍ പള്ളിയ്ക്കു സമീപം റോഡിലൂടെ നടന്നു പോകുമ്പോള്‍ പിന്നാലെ എത്തിയ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഫ്രാന്‍സിസ്, ജാന്‍സി, ജോണ്‍, മേഴ്‌സി. മരുമക്കള്‍: ടെല്‍മ, അപ്പച്ചന്‍ സിനി. കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ ഐക്യ ജങ്ഷനു സമീപം ബൈക്ക് നിയന്ത്രണംവിട്ട'് മതിലില്‍ ഇടിച്ച് കണ്ടല്ലൂര്‍ തെക്ക് കൂട്ടുതറ വടക്കതില്‍ പരേതനായ കൊച്ചുനാണുവിന്റെ മകന്‍ ബിനു (37), ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ മോനിഷ് ഭവനില്‍ മോനിഷ് (32) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട'് നാലിനായിരുന്നു അപകടം. ബിനു അപകടസ്ഥലത്തും മോനിഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ബിനുവിന്റെ ഭാര്യ സുപ്രിയ.മക്കള്‍ അനശ്വര,അനഘ. മോനിഷിന്റെ ഭാര്യ മായ.മകള്‍ അരുണിമ.
കെ.പി. റോഡില്‍ കറ്റാനം കോയിക്കല്‍ ചന്തക്ക് സമീപം ബൈക്കപകടത്തില്‍ കണ്ണനാകുഴി കോട്ടപ്പുറത്ത് വിജയനാചാരിയുടെ മകള്‍ ശ്രീമഹാലക്ഷ്മി (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട'് മൂന്നിനായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സഹോദരന്‍ ശ്രീജിത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ശ്രീമഹാലക്ഷ്മിയുടെ ദേഹത്ത് എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."