രഞ്ജി ട്രോഫി: മുംബൈയും ഗുജറാത്തും സെമിയില്‍
റായ്പൂര്‍: ഹൈദരാബാദിനെ കീഴടക്കി മുംബൈയും ഒഡിഷയെ സമനിലയില്‍ തളച്ച് ഗുജറാത്തും രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിലെത്തി. തമിഴ്‌നാട്, ജാര്‍ഖണ്ഡ് ടീമുകള്‍ നേരത്തെ സെമി ബര്‍ത്ത് ഉറപ്പാക്കിയിരുന്നു. ജനുവരി ഒന്നു മുതല്‍ നടക്കുന്ന സെമിയില്‍ മുംബൈ- തമിഴ്‌നാടുമായും ഗുജറാത്ത്- ജാര്‍ഖണ്ഡുമായും ഏറ്റുമുട്ടും.
ഓപണര്‍ സമിത് ഗോഹല്‍ പുറത്താകാതെ നേടിയ റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ച്വറിയുടെ (359)കരുത്തില്‍ രണ്ടാമിന്നിങ്‌സില്‍ ഗുജറാത്ത് 641 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്ത് 263 റണ്‍സും ഒഡിഷ 199 റണ്‍സുമാണു കണ്ടെത്തിയത്. 706 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഒഡിഷ അവസാന ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിച്ചു.
117 വര്‍ഷം പഴക്കമുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡാണ് സമിത് പഴങ്കഥയാക്കിയത്. ഓപണര്‍ സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന ബഹുമതിയാണ് സമിത് സ്വന്തമാക്കിയത്. 1899ല്‍ ഇംഗ്ലീഷ് കൗണ്ടി പോരാട്ടത്തില്‍ സറെയ്ക്കായി ബോബി അബേല്‍ സോമര്‍സെറ്റിനെതിരേ പുറത്താകാതെ നേടിയ 357 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗുജറാത്ത് താരം പിന്തള്ളിയത്.
രണ്ടാമിന്നിങ്‌സിലെ ഗുജറാത്തിന്റെ കൂറ്റന്‍ സ്‌കോറിലേക്ക് പ്രിയങ്ക് പഞ്ചാല്‍ (81), നായകന്‍ പാര്‍ഥിവ് പട്ടേല്‍ (40) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി ഒഡിഷയെ 199 ല്‍ ഒതുക്കി ഗുജറാത്തിനു മികച്ച ലീഡിനു അവസരമൊരുക്കിയ ജസ്പ്രിത് ബുമ്‌റയാണ് കളിയിലെ കേമന്‍.
ഒഡിഷയ്ക്കായി രണ്ടാമിന്നിങ്‌സില്‍ ശുഭരന്‍ഷു സേനാപതി (59), രഞ്ജിത് സിങ് (18) എന്നിവര്‍ പുറത്താകാതെ നിന്നു. നാലു റണ്‍സുമായി നായകന്‍ ഗോവിന്ദ പോഡ്ഡറാണ് പുറത്തായ ഏക ബാറ്റ്‌സ്മാന്‍. രജുല്‍ ഭട്ടിനാണ് വിക്കറ്റ്.
ഹൈദരാബാദിനെ 30 റണ്‍സിനു വീഴ്ത്തിയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ സെമിയിലേക്ക് കടന്നത്. 231 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന്റെ പോരാട്ടം 201 റണ്‍സില്‍ അവസാനിപ്പിച്ചാണ് മുംബൈ വിജയം പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 294 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം 280 റണ്‍സില്‍ അവസാനിച്ചു. 14 റണ്‍സിന്റെ നിര്‍ണായക ലീഡുമായി ബാറ്റിങ് തുടങ്ങിയ മുംബൈ 217 റണ്‍സില്‍ പുറത്തായി ഹൈദരാബാദിനു മുന്നില്‍ 231 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ചു. അഞ്ചു വിക്കറ്റുകള്‍ വീതം നേടി പത്തു വിക്കറ്റുകള്‍ പങ്കിട്ട അഭിഷേക് നായര്‍, വിജയ് ഗോഹില്‍ എന്നിവരുടെ ബൗളിങാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളും വീഴ്ത്തി മൊത്തം ഒന്‍പതു വിക്കറ്റുകള്‍ കൊയ്ത അഭിഷേക് നായര്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്തപ്പോള്‍ വാലറ്റത്ത് നിര്‍ണായകമായ 59 റണ്‍സും സംഭാവന ചെയ്തിരുന്നു. അഭിഷേകാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."