കഠിനാധ്വാനത്തിന്റെ വിനീത വിജയം
കുഞ്ഞിക്കാലുകള്‍ നിലത്തുറച്ച നാള്‍ മുതല്‍ കാലിനടിയിലുള്ളതെല്ലാം ചവിട്ടിത്തെറിപ്പിക്കാനായിരുന്നു വിനീതിനു പ്രിയം. കളിപ്പാട്ടങ്ങളെല്ലാം കാലുകള്‍ കൊണ്ട് വായുവിലൂടെ വട്ടം കറക്കി. വീട്ടിലെ ജനലും ടി.വിയുമെല്ലാം അതോടെ തവിടുപൊടിയായി. ഒരിക്കല്‍ ടി.വിയില്‍ ഫുട്‌ബോള്‍ മത്സരം കണ്ടതോടെ വിനീതിന്റെ വികൃതി കൂടി. പിന്നീട് പ്ലാസ്റ്റിക് പന്ത് കൊണ്ടായി കളി.
വിനീത് വിനീതനായി വളര്‍ന്നു, പഠിച്ചു. പക്ഷേ വിനീതിനെ ഉറങ്ങാനനുവദിക്കാത്ത സ്വപ്നം ഫുട്‌ബോള്‍ തന്നെയായിരുന്നു. അന്നത്തെ ആ കുഞ്ഞുകാല്‍പ്പാദങ്ങള്‍ രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞു. പിന്നീട് സി.കെ വിനീതെന്ന രാജ്യമറിയുന്ന ഫുട്‌ബോള്‍ താരമാക്കിയതും, കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ തിളക്കമാര്‍ന്ന സ്‌ട്രൈക്കറാക്കി മാറ്റിയതും ആ സ്വപ്നം തന്നെ.
താര പ്രൗഢിയില്‍ ഒളിംപ്യന്‍ റഹ്മാന്‍ അവാര്‍ഡ് വാങ്ങാന്‍ കോഴിക്കോട്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ വിനീതിന്റെ വിശേഷങ്ങളിലൂടെ...
? പേരും പ്രശസ്തിയും ഒപ്പം പുരസ്‌കാരവും..ഈ നിമിഷത്തില്‍ എന്തു തോന്നുന്നു
സന്തോഷം..ഒപ്പം അഭിമാനവും. ഇത്രയും ഉയരത്തില്‍ എത്താന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും എന്നെ സ്‌നേഹിക്കുന്നതു തന്നെ വലിയ കാര്യമാണ്. അവരുടെ സ്‌നേഹത്തിനനുസരിച്ച് കളിക്കാന്‍ സാധിക്കുന്നുണ്ടോ എന്നതു മാത്രമാണ് സംശയം. ഈ പുരസ്‌കാരവും എന്നെ ഒത്തിരി സന്തോഷിപ്പിക്കുന്നുണ്ട്.
ഐ.എസ്.എല്‍ പോലുള്ള മത്സരങ്ങള്‍ ഒന്നുമില്ലാത്ത കാലത്തു പോലും എല്ലാവരാലും അറിയപ്പെട്ട ഒളിംപ്യന്‍ റഹ്മാനെപോലുള്ള താരങ്ങളുടെ ഔന്നത്യത്തിലേക്ക് എത്തുക സ്വയം അസാധ്യമാണെന്നാണ് എനിക്കു തോന്നുന്നത്. ഫുട്ബാളിനെ അറിയുന്ന നാള്‍ തൊട്ട് മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് ഒളിംപ്യന്‍ റഹ്മാന്‍. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നു.
? എങ്ങനെയാണ് ഫുട്‌ബോളിലേക്കെത്തിയത്
ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ ഇഷ്ടമായിരുന്നു. നവോദയ സ്‌കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസം. അവിടെ നിന്നു പതിവായി ഫുട്‌ബോള്‍ കളിക്കുമായിരുന്നു. പിന്നീട് കണ്ണൂര്‍ എസ്.എന്‍ കോളജില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി കണ്ണൂര്‍ സര്‍വകലാശാലയുടെ ജേഴ്‌സിയണിഞ്ഞു. അണ്ടര്‍ 21 കേരള ടീമിലും അംഗമായി. ചെന്നെ കസ്റ്റംസ്, കെ.എസ്.ഇ.ബി, വിവ കേരള ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. ഐ.ലീഗ് മത്സരത്തിനു ശേഷമാണ് ദേശീയ ടീമിലേക്കെത്തിയത്.
? ഫോര്‍ലാന്‍, ഇയാന്‍ ഹ്യൂം, മലൂദ, ആരോണ്‍ ഹ്യൂസ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ കൂടെ ഐ.എസ്.എലില്‍ കളിക്കാന്‍ സാധിച്ചു. ഈ അവസരത്തെ എങ്ങിനെ നോക്കി കാണുന്നു
അത്തരം പ്രതിഭകളുടെ കൂടെ കളത്തിലിറങ്ങാന്‍ സാധിക്കുക എന്നതു തന്നെ ഒരു ഭാഗ്യമാണ്. താരപരിവേഷത്തിനപ്പുറം എല്ലാവരും ഫുട്ബാളിനെ സ്‌നേഹിക്കുന്ന കളിക്കാരാണെന്നത് ഗ്രൗണ്ടിലിറങ്ങിയാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഇവരെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് കളിക്കാരുണ്ട്. അവര്‍ക്കൊപ്പം കൂടി കളിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം.
? ഐ എസ് എലിലെ സൂപ്പര്‍ താര പദവി ഭാഗ്യമായി കാണുന്നുണ്ടോ
കുട്ടിക്കാലത്ത് ഞാന്‍ ഫുട്‌ബോളിനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ പിന്നീട് അത്‌ലറ്റിക്‌സിലായി കമ്പം. ലോങ് ജംപും ഹൈ ജംപുമായിരുന്നു ഇഷ്ടയിനങ്ങള്‍. പിന്നെ വീണ്ടും ഫുട്‌ബോളിനോട് പ്രണയം തോന്നിത്തുടങ്ങി. ആദ്യകാലത്ത് നന്നായി കഷ്ടപ്പെട്ടിരുന്നു. ആത്മസമര്‍പ്പണത്തോടെയുള്ള കഠിനാധ്വാനമാണ് ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിറകിലെന്ന് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ വെറും ഭാഗ്യം എന്ന് അതിനെ വിശേഷിപ്പിക്കാനാവുമോ എന്നത് തീര്‍ച്ചയില്ല. തീര്‍ച്ചയായും ഭാഗ്യവും തുണച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
? അര്‍ഹമായ കിരീടമാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ നഷ്ടമായത്. കപ്പിനും ചുണ്ടിനുമിടയ്ക്ക് ടീമിന് ചാംപ്യന്‍ പട്ടം നഷ്ടമായതില്‍ വിഷമം തോന്നുന്നുണ്ടോ
തീര്‍ച്ചയായും. സ്വീകരണചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും എന്റെ ടീമിനു കപ്പുയര്‍ത്താന്‍ സാധിച്ചില്ലെന്ന വിഷമം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ ക്ഷമിക്കുക. അടുത്ത തവണ ടീമിലുണ്ടെങ്കില്‍ കപ്പുമായി നിങ്ങളുടെ മുന്നിലെത്താനാവുമെന്നാണ് പ്രതീക്ഷ.
? അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിലുണ്ടാവുമോ
ബാംഗ്ലൂര്‍ ടീമുമായി കരാറിലാണ്. വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതിനാലാണ് രണ്ടാം സീസണ്‍ മുതല്‍ കളിക്കാന്‍ സാധിച്ചത്. അടുത്ത തവണ ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടാവുമോയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം.
[caption id="attachment_202261" align="alignnone" width="630"] New Delhi: Captains of I-League Football Teams pose with the trophy during a press conference for next season starting from January 2017, in New Delhi on Tuesday. PTI Photo by Atul Yadav (PTI12_27_2016_000081B)[/caption]
? ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീമും താരവും
ബ്രസീലാണ് എന്റെ ഇഷ്ടപ്പെട്ട ടീം. എന്നാല്‍ ക്ലബ് ഫുട്ബാളില്‍ പ്രിയപ്പെട്ട ടീം ലിവര്‍പൂളാണ്. സ്റ്റീവന്‍ ജെറാള്‍ഡ് ആണ് ഫേവറിറ്റ് പ്ലെയര്‍. ചെമ്പടയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം എന്റെ വീടിനും ലിവര്‍പൂളിന്റെ പ്രശസ്തമായ ഹോംഗ്രൗണ്ടിന്റെ നാമമായ 'ആന്‍ഫീല്‍ഡ് ' എന്നാണ് നല്‍കിയത്.
? ഫുട്‌ബോള്‍ പ്രേമികളുടെ സ്‌നേഹ പ്രകടനം, സെല്‍ഫി, പുറത്ത് സ്വതന്ത്രമായി നടക്കാന്‍ പോലുമാവാത്ത അവസ്ഥ. പ്രശസ്തി ഒരു ഭാരമാണെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
ഒരിക്കലുമില്ല. ഐ.എസ്.എലിലൂടെയാണ് അവര്‍ എന്നെ അറിയുന്നത്. അവരുടെ സ്‌നേഹത്തിനു പാത്രമാകുന്നത് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഞാനും എത്രയോ പേര്‍ക്ക് പിറകെ ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി ചെന്നിട്ടുണ്ട്. അതിനാല്‍ ഇത് ഞാന്‍ ആസ്വദിക്കുകയാണ്. ഫുട്‌ബോള്‍ പ്രേമികളെ ഒരിക്കലും തള്ളിപ്പറയാനാവില്ല. പറയുകയുമരുത്.
? ഭാവി പരിപാടി എന്താണ്
ഇപ്പോഴത്തെ ഫോം നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നു. ക്ലബ് തലത്തില്‍ കളിക്കുന്നതിനൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാവണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
? കുടുംബം
കണ്ണൂരിലെ കൂത്തുപറമ്പില്‍ മാങ്ങാത്തിടം എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. അച്ഛന്‍ വാസു വിരമിച്ച അധ്യാപകനാണ്. ശോഭയാണ് അമ്മ. സഹോദരന്‍ അരുണ്‍ എന്‍ജിനിയറിങിനു പഠിക്കുന്നു.
? സമപ്രായക്കാരോടും പുത്തന്‍ തലമുറയോടും പറയാനുള്ളത്
എല്ലാവര്‍ക്കും ദൈവം എന്തെങ്കിലും ഒരു കഴിവ് തന്നിട്ടുണ്ടാകും. അത് കണ്ടെത്തുക. ആ കഴിവാകണം ലഹരി. വെറുതെ വീട്ടിലിരുന്ന് ലഹരിക്കടിമയാകരുത്. ഫുട്‌ബോള്‍ തന്നെ ഒരു ലഹരിയാണ്.
വൈകുന്നേരങ്ങളില്‍ നിങ്ങള്‍ ഗ്രൗണ്ടിലിറങ്ങി ഫുട്‌ബോള്‍ കളിച്ചു നോക്കൂ. കളിയിലെ ജയവും തോല്‍വിയുമാണ് ലഹരിയെന്ന് നിങ്ങള്‍ തിരിച്ചറിയും.
തയ്യാറാക്കിയത്:
ശ്രുതി സുബ്രഹ്മണ്യന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."