കാസര്‍കോട് ദേശീയ പാതയില്‍ അപകടം: രണ്ടു പേര്‍ മരിച്ചു
മൊഗ്രാല്‍(കാസര്‍കോട്): ദേശീയ പാതയിലെ മൊഗ്രാല്‍ കൊപ്പര ബസാറില്‍ വാന്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പരപ്പ പള്ളഞ്ചിമൂലയിലെ ഉജ്വല്‍ നാഥ് (19) ചെര്‍ക്കള ബാലടുക്കയിലെ മസൂദ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 മണിയോടെയാണ് അപകടം.
കുമ്പള ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എല്‍ 14 കെ 4081 നമ്പര്‍ മാരുതി ഈക്കോ വാനും തിരുവനന്തപുരത്ത് നിന്ന് മണിപ്പാളിലേക്ക് പോവുകയായിരുന്ന കെ.എ 01 എ.ബി 4737 നമ്പര്‍ കല്ലട കമ്പനിയുടെ വോള്‍വൊ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. വോള്‍വൊ ടൂറിസ്റ്റ് ബസ് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലിടിച്ചു നിന്നു. അപകടകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാനിലുണ്ടായിരുന്ന എട്ട് ബോക്‌സ് കോഴികളും ചത്തു. അപകടത്തെ തുടര്‍ന്ന് വാനില്‍ അഗ്‌നിബാധയുണ്ടായി. നാാട്ടുകാരും അഗ്‌നിശമനാ സേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീകെടുത്തിയതിന് ശേഷമാണ് വാനിന്റെ ഡോര്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അരയ്ക്ക് താഴെ വെന്ത നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ ഗുരുതരമായ പരുക്കുകളോടെ ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."