മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ അക്രമിച്ചെന്ന കേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
മഞ്ചേരി: ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ അക്രമിച്ചെന്ന കേസില്‍ മുഴുവന്‍ പ്രതികളേയും മഞ്ചേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്്ദുല്‍ മജീദ്, അബ്ദുല്‍ മജീദ് മലപ്പുറം, കൊട്ടപ്പുറം സ്വദേശികളായ കെ.പി ശിഹാബുദ്ദീന്‍, കെ. അബ്ദുല്‍ റാഷിദ്, പി.ടി ഖാലിദ്, സി.ടി ഫൈസല്‍, കെ. ശിഹാബ്, സി.കെ ശംസീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
2004 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ കരിപ്പൂരില്‍ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരേ പ്രതിഷേധിക്കാനെത്തിയ മഹിളാ നേതാക്കളെ മാരകായുധങ്ങളുമായി മര്‍ദിച്ചുവെന്നും മഹിളാ അസോസിയേഷന്‍ നേതാക്കളായ അഡ്വ. കെ.പി സുമതി, കെ.പി ശാരദ, പള്ളിപ്പറമ്പില്‍ സാജിത അടക്കമുള്ളവര്‍ക്കു പരുക്കേറ്റെന്നും പൊലിസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തെന്നുമായിരുന്നു കേസ്.
എന്നാല്‍, ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലേക്കു സി.പി.എം പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി സംഘര്‍ഷം ഉണ്ടാക്കുകയുമായിരുന്നുവെന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ. യു.എ ലത്തീഫ്, അഡ്വ. യു.എ അമീര്‍, അഡ്വ. പി.ഇ മൂസ എന്നിവര്‍ വാദിച്ചു. അതിനാല്‍ രാഷ്ട്രീയ വിരോധംവച്ചു മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ പ്രതികളാക്കി എടുത്ത കേസാണിതെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."