എം.ജി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കാര്‍ഷിക സമ്മേളനം നാളെ മുതല്‍
കോട്ടയം: ശാസ്ത്രീയമായ ജൈവകൃഷി പ്രോത്സാഹനവും പ്രചരണവും ലക്ഷ്യമിട്ട് എം.ജി സര്‍വകലാശാലയിലെ അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകാര്‍ഷിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ മുതല്‍ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന സമ്മേളനം 31ന് സമാപിക്കും.
വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ബി പ്രകാശ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞരും ഗവേഷകരും കര്‍ഷകരും മൂന്നുദിവസങ്ങളിലായി പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് നാടന്‍വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ഷിക-പരിസ്ഥിതി പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഉര്‍വര എന്നപേരില്‍ അഗ്രി കള്‍ച്ചര്‍ ഫെസ്റ്റും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൈവകൃഷിയെ സംബന്ധിച്ച് സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ആസ്‌ട്രേലിയ, സ്‌പെയിന്‍ എന്നീ വിദേശരാജ്യ സര്‍വകലാശാലകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കും.
ജൈവകൃഷി നേരിടുന്ന വെല്ലുവിളികള്‍, ആധുനിക കൃഷിയില്‍ ജൈവരീതികളുടെ സാധ്യതകള്‍, മത്സ്യകൃഷി, അടുക്കളയുടെ സ്വയംപര്യാപ്തത, ചക്കയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, നാടന്‍വിത്തും ഞാറ്റുവേലയും, ഏകവിളകളെ പ്രതിരോധിക്കുന്ന ജൈവവൈവിദ്ധ്യം, ചെറുതേന്‍കൃഷിയും സംസ്‌ക്കരണവും, മണ്ണിന്റെയും നാടന്‍പശുക്കളുടെയും സംരക്ഷണം, അപൂര്‍വയിനം ഔഷധ സസ്യങ്ങള്‍, കിഴങ്ങുവിളകളിലെ നൂതന സംരഭങ്ങള്‍, ജൈവകൃഷിയും വിപണന സാദ്ധ്യതകളും, കാലാവസ്ഥ വ്യതിയാനവും പ്രത്യാഘാതങ്ങളും തുടങ്ങി പ്രകൃതിയും കൃഷിയുമായി ബന്ധപ്പെട്ടുള്ള സമസ്ത മേഖലകളും മൂന്നുദിവസങ്ങളിലായി നടക്കുന്ന സെമിനാര്‍ ചര്‍ച്ച ചെയ്യും.
കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് കൃഷി വിദഗ്ധര്‍ മറുപടി നല്‍കും.
കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായി ശാസ്ത്രജ്ഞരുടെ മുഖാമുഖം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
29ന് വൈകിട്ട് 6ന് തോല്‍പ്പാവക്കൂത്തും 30ന് ബാംബൂ സംഗീതവും സാംസ്‌ക്കാരിക പരിപാടിയുടെ ഭാഗമായി നടക്കും. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രബന്ധാവതരണത്തിനും അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."