അനധികൃത വയറിങ്: ജനുവരി നാലിന് എ.കെ.എല്‍.ഡബ്ല്യു.എ സെക്രട്ടറിയേറ്റ് മാര്‍ച്ച്
തലശ്ശേരി: പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷയില്‍ നിലവിലുണ്ടായിരുന്ന ചട്ടം മാറ്റിയത് അപകടം ക്ഷണിച്ച് വരുത്തുമെന്ന് വയറിങ് തൊഴിലാളികളുടെ സ്വതന്ത്ര സംഘടനയായ ആള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍ അസോസിയേഷന്‍ (എ.കെ.എല്‍.ഡബ്ല്യു.എ).
വയറിങ് പൂര്‍ത്തീകരിച്ചതിനു ശേഷം അപകടമുക്തമാണെന്ന് ഉറപ്പു വരുത്തുന്ന തരത്തിലുള്ള വിവിധ പരിശോധന റിപ്പോര്‍ട്ട് അംഗീകൃത കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മെന്‍ എന്നിവരുടെ ഒപ്പ് വച്ചതിനു ശേഷം മാത്രമേ നേരത്തെ അപേക്ഷ സ്വീകരിച്ചിരുന്നുള്ളൂ.
പുതുക്കിയ അപേക്ഷയില്‍ കോണ്‍ട്രാക്ടറുടെ പേരും ലൈസന്‍സ് നമ്പറും ആവശ്യമായ വൈദ്യുതി ലോഡും അപേക്ഷകന്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഏതു സമയത്തും അപകടം സംഭവിക്കാവുന്ന മേഖലയില്‍ അപകടം സംഭവിച്ചാല്‍ ഉപഭോക്താവ് തന്നെ ഉത്തരവാദി എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയും സര്‍ക്കാരും ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ്.
അനധികൃത വയറിങ് പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി നാലിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം രഘുനാഥ്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ.കെ മുകുന്ദന്‍, ടി.പി സോമന്‍, എം.എം സുനില്‍കുമാര്‍, കെ.പി ബാലസുബ്രഹ്മണ്യന്‍, കെ ജഗന്‍മോഹന്‍, എം.എം രമേശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."