പൊലിസില്‍ ഒരു വിഭാഗം കാണിക്കുന്നത് ശുദ്ധ തോന്നിവാസം: ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി: ഒരു വര്‍ഷത്തിനിടെ 700 ഓളം കസ്റ്റഡി മര്‍ദന പരാതികളാണ് സംസ്ഥാന പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്ക് മാത്രം ലഭിച്ചതെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ജില്ലാ പൊലിസ് കംപ്ലെയിന്റ് അതോറിറ്റികള്‍ക്ക് വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ശുദ്ധ തോന്നിവാസമാണ് പൊലിസില്‍ ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതിയ ചില പൊലിസുകാരുടെ സംസ്‌കാരം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ അതോറിറ്റി സിറ്റിങ്ങിനിടെയാണ് ചെയര്‍മാന്‍ വിമര്‍ശനമുന്നയിച്ചത്. കസ്റ്റഡി മര്‍ദനങ്ങള്‍ വര്‍ധിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടികള്‍ പോര, ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരേ നീങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍ കസ്റ്റഡി മരണം, മരട് കസ്റ്റഡി മര്‍ദനം തുടങ്ങി ഏഴ് കേസുകളാണ് ഇന്നലെ കമ്മിഷന്‍ പരിഗണിച്ചത്. വണ്ടൂരില്‍ ലോറി ടയര്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ലത്തീഫിനെ പൊലിസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ കേസില്‍ അതോറിറ്റി വിചാരണ നടത്തും. ലത്തീഫിന് പൊലിസ് മര്‍ദനമേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ മര്‍ദനമേറ്റ മരട് സ്വദേശി നസീറിന്റെ കേസും പരിഗണിച്ചു. കേസില്‍ നസീറിന് മര്‍ദനമേറ്റെന്നാണ് ഡോക്ടറുടെ പരിശോധനയില്‍ വ്യക്തമായതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."