ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ തീവണ്ടിപ്പാതയുമായി ചൈന
ബെയ്ജിങ്: ചൈനയിലെ വാണിജ്യ നഗരമായ ഷാങ്ഹായിയെ കുന്‍മിങുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുമായി ചൈന. 2,252 കിലോമീറ്റര്‍ നീളത്തിലാണ് അഞ്ചു പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത നിര്‍മിച്ചിരിക്കുന്നത്.
സിങ്ജിയാങ്, ജിയാങ്‌സി, ഹുനാന്‍, ഗ്യൂസോ, യുനാന്‍ എന്നീ പ്രവിശ്യകളെയാണ് അതിവേഗ തീവണ്ടിപ്പാത കൂട്ടിയിണക്കുന്നത്. ഷാങ്ഹായിയില്‍ നിന്ന് കുന്‍മിങിലേക്ക് 11 മണിക്കൂറിനകം എത്താന്‍ പുതിയ പാത സഹായിക്കും. ഇതുവരെയുംഇത്രയും ദൂരം താണ്ടാന്‍ 34 മണിക്കൂര്‍ വേണ്ടിയിരുന്നു. മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗത്തിലാവും പാതയില്‍ തീവണ്ടികള്‍ ഓടുകയെന്ന് ട്രെയിന്‍ ഡ്രൈവറെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഏറ്റവുംനീളംകൂടിയ അതിവേഗ തീവണ്ടിപ്പാത കൂടിയാണിത്.
ബെയ്ജിങ്ങിനെ ഗാംങ്‌സുവുമായി ബന്ധിപ്പിക്കുന്നതാണ് വടക്കു മുതല്‍ തെക്കുവരെയുള്ള ദൈര്‍ഘ്യമേറിയ തീവണ്ടിപ്പാത . 2012ല്‍ പണിത ഈ പാതയുടെ ആകെ ദൂരം 2,298 കിലോമീറ്ററാണ്. ചൈനയില്‍ ഇതോടെ 20,000 കിലോമീറ്ററിലധികം അതിവേഗ റെയില്‍വേ പാതയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2030 ആവുമ്പോഴേക്കും 45,000 കിലോമീറ്റര്‍ അതിവേഗ പാതയാണ് ചൈന ലക്ഷ്യമിടുന്നത്. പുതിയ പാത കൂടി തുറന്നതോടെ പ്രവിശ്യകളെ ഒട്ടുമിക്കവാറും അതിവേഗ പാതയിലൂടെ കൂട്ടിയിണക്കാന്‍ ചൈനക്ക് സാധിച്ചിരിക്കയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അതിവേഗ റെയില്‍ സാങ്കേതികവിദ്യ വില്‍ക്കാനും ചൈന തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."