ഫിര്‍മിനോയുടെ മികവില്‍ ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ആദം ലല്ലന, റോബര്‍ട്ടോ ഫിര്‍മിനോ, ഡാനിയല്‍ സ്റ്റുറിഡ്ജ് എന്നിവര്‍ ടീമിന് വേണ്ടി സ്കോര്‍ ചെയ്തപ്പോള്‍ ശേഷിച്ച ഇംപുലയുടെ സെല്‍ഫ് ഗോളായിരുന്നു. കളം നിറഞ്ഞു കളിച്ച ഫിര്‍മിനോയാണ് ലിവര്‍പൂളിന് മികച്ച നേടികൊടുത്തത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി കുറയ്ക്കാനും ലിവര്‍പൂളിന് സാധിച്ചു.
ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കസ്റ്റഡിയിലെടുത്ത ഫിര്‍മിനോ വിവാദത്തിന്റെ അകമ്പടിയോടെയാണ് കളത്തിലിറങ്ങിയത്. എന്നാല്‍ അതൊന്നും കളിക്കളത്തില്‍ പ്രകടിപ്പിക്കാത്ത രീതിയിലായിരുന്നു താരത്തിന്റെ തുടക്കം. 12ാം മിനുട്ടില്‍ ലിവര്‍പൂള്‍ അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങി. എറിക് പീറ്റേഴ്സിന്റെ ക്രോസില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ജോണ്‍ വാള്‍ട്ടേഴ്സാണ് സ്റ്റോക്കിന്റെ അക്കൗണ്ട് തുറന്നത്. ഗോള്‍ വഴങ്ങിയതോടെ ലിവര്‍പൂള്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ഫിര്മനോയുടെയും ലല്ലനയുടെയും നീക്കങ്ങള്‍ മികച്ചു നിന്നെങ്കിലും ഗോളിലെത്തിയില്ല.
34ാം മിനുട്ടില്‍ ലിവര്‍പൂള്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. സാദിയോ മാനെയുമായി ചേര്‍ന്ന് മികച്ച മുന്നേറ്റം നടത്തിയ ലല്ലന അനായാസം ഗോള്‍ നേടുകയായിരുന്നു. 10 മിനുട്ടുകള്‍ക്ക് ശേഷം ഫിര്‍മിനോയും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ മുന്നേറ്റത്തെ തടയുന്നതിനിടയില്‍ ഇംപുല സെല്‍ഫ് ഗോള്‍ വഴങ്ങി. 70ാം മനുട്ടിലായിരുന്നു സ്റ്റുറിഡ്ജിന്റെ ഗോള്‍ പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."