കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരുക്ക്
കഞ്ചിക്കോട്: കഞ്ചിക്കോട് സമീപം ചടയംകാലായിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ വീട്ടുടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതരമായ പരുക്ക്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചതില്‍ നിന്നും ഗ്യാസ് സിലിണ്ടറിലേക്ക് തീ വ്യാപിച്ചതോടെ തീ മുഴുവന്‍ കത്തുകയായിരുന്നു. വീട്ടുടമ പുതുശ്ശേരി മുന്‍ ഗ്രാമപഞ്ചായത്തംഗം കണ്ണന്‍ (38), ഭാര്യ വിമല (33), കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ (34) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. വിമലയ്ക്ക് 80 പൊള്ളലേറ്റിട്ടുള്ളതിനാല്‍ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ അക്രമികള്‍ ബൈക്കിനെ തീയിട്ടതിനെ തുടര്‍ന്ന് തീ പടര്‍ന്നതാവാം സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്നതാവാമെന്നതാണ് പൊലിസിന്റെ നിഗമനം. കഴിഞ്ഞ രണ്ടാഴ്ചകളായി കഞ്ചിക്കോട് മേഖലയില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു.
ഇതിന്റെ പേരില്‍ നിരവധി അക്രമ സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇന്നലെ നടന്ന സംഭവത്തെ തുടര്‍ന്ന് വന്‍ പൊലിസ് സംഘം സംഭവസ്ഥലത്തെത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."