കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം
വരച്ചുവെക്കല്‍ നടന്നു: പ്രതീഷ് തമ്പുരാട്ടിയുടെ കോലധാരിയാകും
കരിവെള്ളൂര്‍: ആദിമുച്ചിലോട്ടായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വരച്ചുവെക്കല്‍ ചടങ്ങ് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ജോത്സ്യപ്രശ്‌നത്തിലൂടെ ഏഴോം സ്വദേശിയായ പ്രതീഷിനാണ് പെരുങ്കളിയാട്ടം സമാപനദിവസം തമ്പുരാട്ടിയുടെ കോലം ധരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത്. ക്ഷേത്രം സ്ഥാനികരുടെയും, കോയ്മമാരുടേയും മറ്റു ക്ഷേത്രാചാര്യന്മാരുടെയും വാല്യക്കാരുടേയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു.
മണക്കാടന്മാര്‍ക്കാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം. അടുത്ത ദിവസം ചിറക്കല്‍ കൊട്ടാരത്തില്‍ വെച്ച് ചിറക്കല്‍ തമ്പുരാനില്‍ നിന്നു കച്ചും ചിരികയും ഏറ്റുവാങ്ങുന്നതോടെ കോലധാരി മണക്കാടനായി ആചാരപ്പെടും. ശേഷം മുച്ചിലോട്ട് ക്ഷേത്രത്തിനോടു ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് കോലധാരി നോറ്റിരിക്കും.
2017 ജനുവരി ഏഴു മുതല്‍ 12 വരേയാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം നടക്കുക. വരച്ചുവെക്കല്‍ ചടങ്ങിനെത്തിയ ഭക്തര്‍ക്ക് ഇന്നലെ അന്നദാനവും ഉണ്ടായി. പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."