ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി
തിരുവനന്തപുരം: 84ാമതു ശിവഗിരി തീര്‍ഥാടനത്തിനു തുടക്കമായി. തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുവിനെ ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്കു പരിമിതപ്പെടുത്താനുള്ള ചിലരുടെ ശ്രമം ഗുരുവിനെ ആദരിക്കുന്നവര്‍ എതിര്‍ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗുരുസന്ദേശം ഉള്‍ക്കൊള്ളുന്നതില്‍ ശ്രദ്ധവയ്ക്കാതെ നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ പൊള്ളയായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി തരംതാണു പോകും.
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാണ് ഗുരു പഠിപ്പിച്ചത്. ജാതിയെയും മതത്തെയും കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാടാകെ ഈ വാക്കുകളിലുണ്ട്. എന്നിട്ടും അതൊന്നും മനസിലാവാത്തപോലെ ഇന്നും ചിലര്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണ്. ഗുരുവിനു ജാതിയും മതവുമില്ലെന്ന് മനസിലാക്കണം. മതത്തിനല്ല മനുഷ്യനാണു ഗുരു പ്രാധാന്യം കല്‍പിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കുന്നത് ഗുരുവിനെ താഴ്ത്തിക്കെട്ടലാണ്.
ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങളെല്ലാം അതിശക്തമായി നമ്മുടെ സമൂഹത്തിലേക്ക് മടങ്ങിവരുന്നതു നിര്‍ഭാഗ്യകരമാണ്.സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും ഏതു വിധത്തിലായിരിക്കണമെന്ന് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും മറ്റുപലതിനുമൊപ്പം ഗുരുസന്ദേശങ്ങളിലെ ജീവകാരുണ്യഭാവം വഴികാട്ടാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ത്തമാനകാലത്ത് സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ഔഷധമാണ് ഗുരുദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എ സമ്പത്ത് എം.പി, എം.എല്‍.എമാരായ വി ജോയി ഒ രാജഗോപാല്‍, സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദപുരി, സ്വാമി വിശാലാനന്ദ, പി. വിജയന്‍ ഐ.പി.എസ്, ഗോകുലം ഗോപാലന്‍, വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, ടി.എസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെ സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് ശിവഗിരി തീര്‍ഥാടനത്തിനു തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."