ജില്ലാ കലോത്സവത്തിന് മുന്‍പ് വിധി നിര്‍ണയത്തിനെതിരേ മന്ത്രിയ്ക്ക് പരാതി
തിരൂര്‍: ജില്ലാ കലോത്സവത്തില്‍ സ്വാധീനത്തിന് വഴങ്ങിയുള്ള വിധി നിര്‍ണയം തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, കലോത്സവ പ്രോഗ്രാം കണ്‍വീനര്‍ എന്നിവര്‍ക്കും നല്‍കി.
വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതിനായി ഏതാനും നൃത്താധ്യാപകര്‍ അടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വാധീനത്തിനു വഴങ്ങി വിധികര്‍ത്താക്കള്‍ പക്ഷപാതപരമായി വിധി നിര്‍ണയം നടത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കഴിഞ്ഞ ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിലും ഇത്തവണ കഴിഞ്ഞ ഉപജില്ലാ കലോത്സവങ്ങളിലും വിധിനിര്‍ണയത്തിലെ ഇടപെടല്‍ പ്രകടമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. കലോത്സവ വേദിയില്‍ നൃത്തം തുടങ്ങുന്നതിനു മുന്‍പായി വിധികര്‍ത്താക്കള്‍ക്ക് പല വിധത്തിലും സൂചന നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പക്ഷപാതരമായ വിധി നിര്‍ണയത്തില്‍ പല കഴിവുള്ള കുട്ടികളും തഴയപ്പെടുന്ന സ്ഥിതിയാണ്.
ഇതു തടയാന്‍ നൃത്ത ഇനങ്ങളോ മറ്റു കലാരൂപങ്ങളോ അവതരിപ്പിക്കുന്ന കുട്ടികളോ അവരുടെ രക്ഷിതാക്കളോ നൃത്താധ്യാപകരോ വിധി കര്‍ത്താക്കള്‍ കാണ്‍കേ വേദിയിലേക്കും വേദിയുടെ സമീപത്തേക്കും പോകുന്നത് തടയണമെന്നാണു പരാതിക്കാരായ രക്ഷിതാക്കളുടെ ആവശ്യം. വിധികര്‍ത്താക്കള്‍ വിധി നിര്‍ണയത്തിനു മുന്‍പ് എഴുന്നേറ്റു പോകാന്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ സി.ബി.എസ്.ഇ കലോത്സവത്തില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട വിധി കര്‍ത്താക്കളെ ജില്ലാ കലോത്സവത്തില്‍ ഉള്‍പ്പെടുത്തരുത്. വിധി കര്‍ത്താക്കള്‍ പല പേരുകളിലും വരുന്നതിനാല്‍ ഇതു കണ്ടെത്തി തടയാനും സംവിധാനമൊരുക്കണമെന്നും ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മന്ത്രിയ്ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."