ഉരുള്‍പൊട്ടല്‍ നഷ്ടപരിഹാരം വൈകുന്നു:പ്രക്ഷോഭത്തിനൊരുങ്ങി ദുരിതബാധിതര്‍
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, നെല്ലിക്കുന്ന് വാര്‍ഡുകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കര്‍ഷകര്‍ പ്രക്ഷോഭത്തിന്.
കഴിഞ്ഞ ജൂണ്‍ 29നാണ് പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആദ്യം കാപ്പിമലക്കടുത്ത് ഫര്‍ലോങ്ങ്കരയിലും മിനുട്ടുകളുടെ വ്യത്യാസത്തില്‍ പാത്തന്‍ പാറയിലും വൈതല്‍കുണ്ടിലും ഉരുള്‍പൊട്ടി. വര്‍ഷങ്ങളുടെ അധ്വാനത്തില്‍ പടുത്തുയര്‍ത്തിയ വീടും കൃഷിയിടങ്ങളും പലര്‍ക്കും നഷ്ടമായി. റോഡുകള്‍ തോടായതോടെ ആഴ്ചകളോളം ഗതാഗതം മുടങ്ങി. ഇടതു വലതു മുന്നണികള്‍ ഒരാഴ്ചക്കാലം പ്രകൃതി ദുരന്ത പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. വീട് നഷ്ടമായവര്‍ക്ക് അടിയന്തിര ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇന്നു നഷ്ടപരിഹാരത്തെ കുറിച്ച് അധികൃതരോട് ചോദിക്കുമ്പോഴെല്ലാം ഉടന്‍ ശരിയാകുമെന്ന പതിവു പല്ലവിയാണ് മറുപടി.
കര്‍ഷകര്‍ക്ക് നല്‍കാന്‍ അമ്പതു ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നു പറയാന്‍ തുടങ്ങി മാസം മൂന്നായെങ്കിലും ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പല കലുങ്കുകളും റോഡുകളും ഇന്നും അതേപടി തന്നെ. വാഹനങ്ങള്‍ വരാതായതോടെ റോഡ് നന്നാക്കാന്‍ നാട്ടുകാര്‍ തന്നെ ഇറങ്ങേണ്ടി വന്നു. മലവെള്ളപാച്ചിലില്‍ പല കലുങ്കുകളും തകര്‍ന്നതിനാല്‍ വര്‍ഷകാലമാകുന്നതോടെ പ്രദേശം ഒറ്റപ്പെടും. അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്താനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."