പ്രധാന വിഷയം വിഴുങ്ങി മോദിയുടെ 'ബജറ്റ് പ്രസംഗം'
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നു പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിക്കാതെ സാധാരണക്കാരെ തീര്‍ത്തും നിരാശയിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ബജറ്റ് പ്രസംഗം'. നവംബര്‍ എട്ടിനു നോട്ട് നിരോധിച്ചതിനു ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധനചെയ്തത്.
പുതുവത്സരത്തലേന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടന്‍ തന്നെ നോട്ട് നിരോധനം, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പ്രഖ്യാപനവും മോദി നടത്തുമെന്നു പ്രചാരണമുണ്ടായിരുന്നു. നോട്ടുക്ഷാമംമൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസം ലഘൂകരിക്കുന്നതിനായി ഇളവ്, കള്ളപ്പണത്തിന്റെ കണക്ക്, ഇതുവരെ പുറത്തുവന്ന കള്ളപ്പണം തുടങ്ങിയവയെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകളും മോദി നടത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
50 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാവുമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ ഏതുശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും കഴിഞ്ഞമാസം പാര്‍ട്ടി പരിപാടിക്കിടെ മോദി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന്റെ കാലാവധി അവസാനിക്കുകയും നോട്ട് നിരോധനമുണ്ടാക്കിയ പ്രയാസത്തിന് ഒരുകുറവും ഇല്ലാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഇന്നലെ രാത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 50 ദിവസം കഴിഞ്ഞിട്ടും, ബാങ്കിലെ ബുദ്ധിമുട്ടുകള്‍ അധികം നീളില്ലെന്ന വാഗ്ദാനമാണ് മോദി ഇന്നലെ നല്‍കിയത്. ബാങ്കിങ് മേഖല സാധാരണ നിലയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുള്ള ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശവും മോദി പ്രസംഗത്തിനിടെ നടത്തി.
അതേസമയം, നോട്ട് നിരോധനംമൂലം കഷ്ടപ്പെട്ട ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണു ധനമന്ത്രിമാരുടെ ബജറ്റ് പ്രസംഗം പോലെ പുതുവത്സരത്തലേന്ന് മോദി നടത്തിയ പ്രസംഗമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനകം പ്രതിപക്ഷനേതാക്കളും ഈ ആരോപണം ഉന്നയിച്ചു. വരുംദിവസങ്ങളില്‍ വിഷയം പ്രതിപക്ഷം ശക്തമായി ഉയര്‍ത്താനും സാധ്യതയുണ്ട്.
യു.പി തെരഞ്ഞെടുപ്പ് നേരത്തെയായേക്കുമെന്ന സൂചനകള്‍ക്കിടെയാണ്, രാജ്യത്ത് ഏറ്റവുമധികം കര്‍ഷകരുള്ള സംസ്ഥാനത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലുള്ള മോദിയുടെ പ്രഖ്യാപനം. പൊതുബജറ്റിനു മുന്‍പായി യു.പി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയാണെങ്കില്‍ ബജറ്റിലെ ഇളവുകള്‍ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരും. ഈ പശ്ചാത്തലത്തില്‍ ഇന്നലത്തെ പ്രസംഗം 'ഇലക്ഷന്‍ ബജറ്റ് ' ആയി കാണുന്നവരുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."