യു.പി തെരഞ്ഞെടുപ്പ് തന്ത്രം മാറിമറിഞ്ഞു; എസ്.പിയിലെ കലഹം ബി.ജെ.പിയെ കുഴക്കുന്നു
ലക്‌നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പദ്ധതിയിട്ട തന്ത്രങ്ങള്‍ മാറിമറിയുന്നു. തങ്ങളുടെ മുഖ്യ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പ്രശ്‌നങ്ങളാണ് ബി.ജെ.പിയെ ഇപ്പോള്‍ കുഴക്കുന്നത്. സമാജ്‌വാദിയില്‍ ഉടലെടുത്ത പ്രശ്‌നത്തെ ശക്തമായി വിമര്‍ശിച്ച് ഇതിനകം ബി.ജെ.പി രംഗത്തെത്തിയതു തന്നെ അതിനു വലിയ തെളിവാണ്. മസില്‍ പവര്‍ ഉപയോഗിച്ചു കൊണ്ട് അഖിലേഷ് യാദവ് പാര്‍ട്ടിയെ കയ്യടക്കിയെന്നാണ് ഇന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞത്.
''സമാജ് വാദി പാര്‍ട്ടിയില്‍ നാം എന്താണ് കാണുന്നത്, ഇതൊരു പോരാട്ടമായി കണക്കാക്കാനാവില്ല, അഖിലേഷ് യാദവിന്റെ ഏറ്റെടുക്കലാണുണ്ടായത്. കുടുംബ താല്‍പര്യത്തിനു മേല്‍ സമാജ്‌വാദി പാര്‍ട്ടി മറയ്ക്കപ്പെട്ടിരിക്കുകയാണ്. ഇതൊരിക്കലും രാഷ്ട്രീയമല്ല, പക്ഷെ, ഒരു തരം നാടുവാഴിയുടെ മസില്‍ പവര്‍ ഉപയോഗിച്ചുള്ള ഏറ്റെടുക്കലാണ്''- നരസിംഹ റാവു പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന നിലയിലാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. മായവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) യെ തങ്ങളുടെ എതിരാളിയായി ഉയര്‍ത്തിക്കാട്ടാതിരിക്കാനും ബി.ജെ.പി ശ്രദ്ധിക്കുന്നുണ്ട്. ബി.എസ്.പിക്കു കിട്ടേണ്ട മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ച് സമാജ്‌വാദി പാര്‍ട്ടിയിലേക്ക് വഴിതിരിച്ചു വിടാന്‍ വേണ്ടിയാണ് ബി.ജെ.പിയുടെ ഈ തന്ത്രം. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി ഇപ്പോഴത്തെ രീതിയില്‍ ഭിന്നിച്ചു പോയാല്‍ വോട്ടുകള്‍ ബി.എസ്.പിക്കു തന്നെ വീഴുമെന്ന പേടി ബി.ജെ.പിക്കുണ്ട്.
ഇക്കാര്യത്താലാണ് സമാജ്‌വാദി പാര്‍ട്ടി ഭിന്നിക്കരുതെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഭരണത്തിലുള്ള എസ്.പിയുടെ ഭരണവിരുദ്ധ വികാരത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ബി.ജെ.പി തയ്യാറാവാത്തതും ഇതാണ്. അതേസമയം, ബി.എസ്.പിയാണ് ഈ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുന്നതും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന വര്‍ഗീയ കലാപങ്ങളിലും അഖ്‌ലാഖിന്റെ വധം അടക്കമുള്ള സംഭവങ്ങളും ബി.എസ്.പിക്കാണ് അനുകൂലമായി വര്‍ത്തിക്കുക. ഭരണപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ ആ വോട്ടുകള്‍ നേരെ ബി.എസ്.പിയിലേക്കാണ് എത്തുകയെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു.
എസ്.പിയുടെ ദേശീയ അധ്യക്ഷനായ മുലായം സിങ് യാദവ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നം തുടങ്ങുന്നത്. മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിന്റെ ഉറ്റ അനുയായികളെ ഒഴിവാക്കിയായിരുന്നു ഈ പട്ടിക. പിന്നാലെ, അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ പുതിയൊരു പട്ടിക തയ്യാറാക്കി.
ഇതോടെ അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയെങ്കിലും പിറ്റേദിവസം തന്നെ തിരിച്ചെടുത്തു. പക്ഷെ, ഈ ഐക്യം അധികം നീണ്ടുനിന്നില്ല. രാംഗോപാല്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ അഖിലേഷിനെ മുലായത്തിനു പകരം ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇതോടെ, രാംഗോപാലിനെ പാര്‍ട്ടിയില്‍ നിന്ന് വീണ്ടും പുറത്താക്കിയതായി മുലായവും പ്രഖ്യാപിച്ചു.
ഞായറാഴ്ച മുലായം സിങ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണിപ്പോള്‍. ഈ സമ്മേളനം കഴിയുന്നതോടെ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥിതി ശരിക്ക് അറിയാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."