സി. രാധാകൃഷ്ണന്‍ എഴുത്തച്ഛന്റെ പോരാട്ടവീര്യം ആവാഹിച്ച എഴുത്തുകാരന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉച്ഛനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരേ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസ്ഥിതിക്കെതിരായ പോരാട്ട വ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍. സാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മകമായി ഇടപെട്ട എഴുത്തച്ഛന്‍, ഭാഷയെയും സമൂഹത്തേയും മനുഷ്യമനസിനെയും നവീകരിച്ചു. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍ കൊണ്ട് പകരംവയ്ക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസിലും നിലനിര്‍ത്തുന്ന രാധാകൃഷ്ണനില്‍ എഴുത്തച്ഛന്റെ പിന്തുടര്‍ച്ച കാണാം. സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടേയും പക്ഷത്താവണം രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കിന്റെ തണലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ ആദരഭാഷണം നടത്തി. തുടര്‍ന്ന് സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ചു. ദര്‍ശനത്തിന്റെയും കര്‍മത്തിന്റെയും ഭാഷയുടേയും ശൈലിയുടേയും കാര്യത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് തന്റെ മാതൃക. എന്നാല്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച എഴുത്തച്ഛനെ സമുദായം അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ഭിന്നതകള്‍ ഉണ്ടാക്കി നാട് ഭരിക്കാമെന്ന് ലോകത്ത് ആരെങ്കിലും മോഹിച്ചാല്‍ അത് വ്യര്‍ഥമാണെന്ന് കാലം തെളിയിക്കും.
അഭിപ്രായം പറഞ്ഞാല്‍ ഏതെങ്കിലും കള്ളിയില്‍ ഒതുക്കുന്ന അവസ്ഥയാണിപ്പോള്‍. ജനാധിപത്യസമ്പ്രദായത്തില്‍ എല്ലാവര്‍ക്കും അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം വേണം. എഴുത്തുകാരായ തങ്ങള്‍ ഏതു സാഹചര്യത്തിലും അനീതികളെയും അക്രമങ്ങളെയും പോരായ്മകളെയുംകുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."