പണം നല്‍കാന്‍ തയാറല്ലാത്തവര്‍ ഭക്ഷണം കഴിക്കേണ്ടെന്ന് റസ്റ്റോറന്റ് അസോസിയേഷന്‍
ന്യൂഡല്‍ഹി: ഭക്ഷണം കഴിച്ച ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ സര്‍വിസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ദേശീയ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എന്‍.ആര്‍.എ.ഐ) തള്ളി. പണം നല്‍കാന്‍ തയാറല്ലാത്തവര്‍ ഭക്ഷണം കഴിക്കേണ്ടെന്ന് അസോസിയേഷന്‍ അറിയിച്ചു.
ഭക്ഷണശാലകളില്‍ നിന്നും സാധാരണ നികുതിക്ക് പുറമേ ഏര്‍പ്പെടുത്തുന്ന സര്‍വിസ് ചാര്‍ജ് നിര്‍ബന്ധമുള്ളതല്ലെന്നും ഭക്ഷണം കഴിച്ച ശേഷം താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഇത് നല്‍കിയാല്‍ മതിയെന്നുമുള്ള ദേശീയ ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവിനോടുള്ള പ്രതികരണമായാണ് അസോസിയേഷന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു കീഴ്‌വഴക്കമാണെന്ന കോടതി പരാമര്‍ശത്തിന്റെ പിന്തുണയോടുകൂടിയാണ് അസോസിയേഷന്റെ പ്രഖ്യാപനം. അതേസമയം ഉപഭോക്താവിന്റെ അനുവാദമില്ലാതെ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നാണ് പാര്‍ലമെന്റ് വ്യക്തമാക്കിയിരുന്നത്.
ഭക്ഷണശാലകള്‍ സര്‍വീസ് ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറുകളോട് ഉപഭോക്തൃ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മോശം സേവനത്തിനും അഞ്ചു മുതല്‍ 20 ശമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയതായി പല ഉപഭോക്താക്കളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ റസ്റ്റോറന്റുകളും ഉപഭോക്തൃ സംരക്ഷണ നിയമം തന്നെയാണ് പിന്തുടരുന്നതെന്ന് ദേശീയ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് റിയാസ് അംലാനി വ്യക്തമാക്കി. ഒരു തരത്തിലുള്ള അധാര്‍മിക പ്രവൃത്തികളും തങ്ങള്‍ പിന്തുടരുന്നില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉപഭോക്താക്കളുമായി തര്‍ക്കമില്ലാതെ സര്‍വീസ് ചാര്‍ജ് അടക്കാന്‍ തയാറാണോയെന്ന് ചോദിക്കുകയും ഇതിന് തയാറല്ലാത്തവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാത്ത സ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അംലാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."