ഫിലിപ്പൈന്‍സില്‍ ജയില്‍ ആക്രമണം: 150 തടവുകാര്‍ രക്ഷപ്പെട്ടു
മനില: തെക്കന്‍ ഫിലിപ്പൈന്‍സില്‍ ജയിലിനു നേരെ സായുധധാരി നടത്തിയ ആക്രമണത്തില്‍ 150 തടവുകാര്‍ രക്ഷപ്പെട്ടു. കിദാപവന്‍ പട്ടണത്തിലാണ് രാജ്യത്തെ നടുക്കിയ ജയില്‍ച്ചാട്ടവും വെടിവയ്പ്പും ഇന്നലെ പുലര്‍ച്ചെ നടന്നത്.
വെടിവയ്പ്പില്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിക്കായി വ്യാപകമായ തെരച്ചില്‍ നടക്കുകയാണ്.
തെക്കന്‍ ദ്വീപായ മിണ്ടനോവോയിലെ ജയിലിലാണ് സംഭവമെന്ന് ജയില്‍ വാര്‍ഡനായ പീറ്റര്‍ ബംഗത് പറഞ്ഞു. വിമത തീവ്രവാദ സംഘടനയാണ് ജയിലിന് നേരെ ആക്രമണം നടത്തിയതെന്നാണ് നിഗമനം. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരാണിവരെന്നും റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പീറ്റര്‍ വ്യക്തമാക്കി. ബുധനാഴ്ച അതിരാവിലെ ആയുധമേന്തിയ ഒരാള്‍ ജയില്‍ വളപ്പിലെത്തുകയായിരുന്നു. ഇതിന് മുന്നോടിയായി വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് തലങ്ങും വിലങ്ങും വെടിവച്ചു.
രക്ഷപ്പെട്ട തടവുകാരില്‍ നിരവധി പേര്‍ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണെന്ന് ജയില്‍ മാനേജ്‌മെന്റ് ബ്യൂറോ വ്യക്തമാക്കി. തീവ്രവാദ സംഘടനയായ മോറ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടില്‍ നിന്നു വഴിപിരിഞ്ഞ കമാന്‍ഡര്‍ ദെര്‍ബിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും സംശയിക്കുന്നുണ്ട്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടെയുടെ വക്താവ് ഏണസ്റ്റോ അല്ലെല്ലെ പറഞ്ഞു.
2016 ഓഗസ്റ്റില്‍ വടക്കന്‍ കൊട്ടാബറ്റോ ജില്ലാ ജയിലില്‍ നിന്ന് മയക്കുമരുന്നും സ്‌ഫോടകവസ്തുക്കളും കൈവശംവച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. എട്ടു വര്‍ഷം മുമ്പുണ്ടായ സമാനമായ സംഭവത്തിലും മൂന്നു തടവുകാര്‍ രക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."