കളറും പഞ്ചസാരയും ചേര്‍ക്കാതെ 51തരം പ്രകൃതി പാനീയങ്ങള്‍
ഗുരുവായൂര്‍: കൃത്രിമ നിറമോ പഞ്ചസാരയോ ചേര്‍ക്കാതെ ആരോഗ്യപ്രദവും സ്വാദിഷ്ടവും ദാഹശമനിയുമായ 51 തരം പ്രകൃതിപാനീയങ്ങള്‍! ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ ആരംഭിച്ച ആരോഗ്യരക്ഷാ സെമിനാറിലാണ് ഈ പ്രകൃതിപാനീയങ്ങള്‍ അവതരിപ്പിച്ചത്.
കണ്ണിമാങ്ങ, ഇരുമ്പാമ്പുളി, കറിവേപ്പില, നാളികേരം, ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങി വിവിധ ഉല്‍പന്നങ്ങളും തേനും ചേര്‍ത്താണ് പാനീയങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഏത് പ്രായക്കാര്‍ക്കും ഏതുകാലത്തും ഉപയോഗപ്രദമെന്ന് സംഘാടകര്‍ പറയുന്നു. പ്രകൃതിപാനീയങ്ങള്‍ ഉണ്ടാക്കാന്‍ മേളയില്‍ വീട്ടമ്മമാര്‍ക്ക് പരിശീലനവും നല്‍കി.
വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. 29വരെ നീണ്ടുനില്‍ക്കുന്ന ആരോഗ്യമേളയില്‍ രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ക്കും പാനീയം ലഭ്യമാണ്. ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ആരോഗ്യമേള നടക്കുന്നത്. ആസ്തമയും അലര്‍ജിയും എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് മേളയില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."