റവന്യൂ റിക്കവറിക്കെത്തിയ ഡെ.തഹസീല്‍ദാര്‍ക്കും വില്ലേജോഫിസര്ക്കും മര്‍ദനം
കൊട്ടാരക്കര: സി.പി.എം നേതാവിന്റെ വീട്ടില്‍ റവന്യൂ റിക്കവറിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേതാവിന്റെയും സംഘത്തിന്റെയും മര്‍ദ്ദനം. സി.പി.എം മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ എസ് ശ്രീകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. കൊട്ടാരക്കര താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്ദ്രത്തില് അജിത് ജോയി(43), പുത്തൂര്‍ വില്ലേജോഫീസര്‍ പവിത്രേശ്വരം ലാല്‍ഭവനില്‍ ശ്രീജ സി.എസ്(42) എന്നിവരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ മേഹനകുമാരന്നായര്, വില്ലേജോഫീസ് ജീവനക്കാരന് സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മോട്ടോര്‍വാഹന വകുപ്പിന്റെ കുടിശ്ശിക ജപ്തി നടപടികളുമായി ബന്ധപ്പെട്ടാണ് റവന്യു റിക്കവറി തഹസിദാര്മാരടങ്ങുന്ന അഞ്ചംഗസംഘം ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. ഈ സമയം സ്ഥലത്തില്ലായിരുന്ന ശ്രീകുമാര്‍ ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി.
40000 രൂപയോളംവരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക അടയ്ക്കണമെന്നും ഒറ്റത്തവണയായി അടച്ചാല്‍ പ്രത്യേക സ്കീം പ്രകാരം കുറവു ലഭിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥ സംഘത്തോട് ശ്രീകുമാര്‍ തട്ടിക്കയറി. കൂടാതെ അസഭ്യം പറയുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതിനിടയില്‍ ശ്രീകുമാര്‍ വിളിച്ചു വരുത്തിയ മൂന്നംഗ സംഘവും ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. ഭീഷണി വകവയ്ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജപ്തി സംബന്ധമായ പേപ്പറുകള്‍ വലിച്ചുകീറി നശിപ്പിച്ചതായും മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജിത് ജോയിയുടെ കൈക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടും താലൂക്കിലെ വിവിധ വകുപ്പു ജീവനക്കാര്‍ സംയുക്തമായി പ്രകടനം നടത്തി. പരിക്കേറ്റവരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."