ബാലുശ്ശേരിയില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ആന ഇടഞ്ഞ് ഓടിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ബാലുശ്ശേരി ഭാരതിയുടെ രാമഭദ്രന്‍ എന്ന ആന ബ്ലോക്ക് റോഡില്‍ അങ്കണവാടിക്കടുത്ത് കുളിപ്പിക്കാന്‍ കൊണ്ടുപോകവെ ഇടഞ്ഞ് ഓടിയത്. രാമഭദ്രനെ രണ്ടാഴ്ച മുന്‍പ് പാലായില്‍ നിന്നും കൊണ്ടുവന്നതാണ്. രണ്ടു മൂന്നു ദിവസങ്ങളായി അസ്വസ്ഥതകള്‍ കാണിച്ചിരുന്ന ആനയെ സംരക്ഷിക്കുന്നതിന് രണ്ട് പാപ്പാന്‍മാരും ഉണ്ടായിരുന്നു. കുളിപ്പിക്കാനിറക്കിയതോടെ ആന പാപ്പനേയും കൊണ്ട് തിരിഞ്ഞോടുകയായിരുന്നു. രണ്ട് വീടുകള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തിയതൊഴിച്ചാല്‍ മറ്റു നഷ്ടങ്ങളൊന്നുമുണ്ടായില്ല. ആനപ്പുറത്തു തന്നെയിരുന്ന പാപ്പാന്‍ മയത്തില്‍ ആനയെ ശാന്തനാക്കുകയായിരുന്നു. ബാലുശ്ശേരി എസ്.ഐ സിജിത്തും അഡീഷനല്‍ എസ്.ഐ ഗംഗാധരന്‍ പുന്നശ്ശേരിയുടെയും നേതൃത്വത്തില്‍ പൊലിസും എത്തിയിരുന്നു. ഇടഞ്ഞ ആനയെ ഓടിക്കൂടിയ നാട്ടുകാര്‍ പ്രകോപിപ്പിക്കാതിരിക്കാനുള്ള പൊലിസിന്റെ ശ്രമം ഫലം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."