വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ബന്ധുക്കള്‍ പരാതി നല്കി
പൂച്ചാക്കല്‍: വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്കി. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാര്‍ഡ് പുളിത്തറയില്‍ ലാലന്റെ ഭാര്യ ആശ (36) യുടെ മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ആശ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പതിനാറ് വര്‍ഷം മുമ്പായിരുന്നു അരൂക്കുറ്റി നാലാം വാര്‍ഡില്‍ കിഴക്കേപുരക്കല്‍ തേവന്റെ മകള്‍ ആശയെ ലാലന് വിവാഹം ചെയ്തത്.
അടുത്തിടെ ലാലന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ലാലനും ആശയും തമ്മില്‍ മിക്കപ്പോഴും വഴക്കുണ്ടാക്കല് പതിവായിരുന്നു. ആശയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആത്മഹത്യക്ക് നിര്‍ബന്ധിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പീഡനം അസഹ്യമായതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച സഹോദരന് ചിത്രന് ആശയെ വീട്ടിലേക്ക് കൊണ്ടു പോരുകയും ചെയ്തു.
എന്നാല്‍ ബുധനാഴച ആശ മരിക്കുന്നതിന്ന് മുമ്പ് ലാലന് അവിടെയെത്തിയിരുന്നതായും ഭാര്യയുമായി വഴക്ക് കൂട്ടിയതായും അയല്‍വാസികള്‍ക്ക് അറിയാമെന്നും ബന്ധുക്കള്‍ പറഞ്ഞു. ആശ മരിച്ച് അഞ്ച് മിനിറ്റിനകം മരണ വിവരം അറിയിക്കാതെ തന്നെ ലാലന് അവിടെ നിലവിളിയോടെ എത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.
ആശയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതോ ആത്മഹത്യക്ക് നിര്‍ബന്ധിച്ചതോ ആകാമെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പൂച്ചാക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."