നിര്‍ദിഷ്ട തവനൂര്‍ ജയില്‍ സെന്‍ട്രല്‍ ജയിലായി പൂര്‍ത്തീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍
എടപ്പാള്‍: ഫണ്ടിന്റെ അപര്യാപ്തത മൂലം നിര്‍മാണം പാതിവഴിയില്‍ നിലച്ച തവനൂരിലെ ജയില്‍ സെന്‍ട്രല്‍ ജയില്‍ പദ്ധതിയായിതന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന. സര്‍ക്കാര്‍ ഉത്തരവ് വന്നാലുടന്‍ രണ്ടാംഘട്ട നടപടികള്‍ വേഗത്തിലാക്കും. നേരത്തേ 17.5 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കെട്ടിടസമുച്ചയം അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
അതിനാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള 14.75 കോടിയുടെ രണ്ടാംഘട്ട എസ്റ്റിമേറ്റ് ബന്ധപ്പെട്ട വിഭാഗത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. തവനൂര്‍ കൂരടയിലെ ജയില്‍ വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയിലാണു സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നത്. സെന്‍ട്രല്‍ ജയിലായി ആരംഭിച്ച പദ്ധതി ഫണ്ടിന്റെ അപര്യാപ്ത്ത മൂലം ജില്ലാ ജയിലാക്കിമാറ്റാന്‍ തീരുമാനിച്ചു. പിന്നീട് സെന്‍ട്രല്‍ ജയിലായി തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുയായിരുന്നു. ആദ്യഘട്ടമായി കെട്ടിടനിര്‍മാണവും സുരക്ഷാ മതിലുകളും പൂര്‍ത്തിയാക്കിയെങ്കിലും കൂടുതല്‍ സെല്ലുകളും അടുക്കള, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ക്ലിനിക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഉത്തരവിറങ്ങുന്നതോടെ നിര്‍മാണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."