കല്ല്യാശ്ശേരിയിലെ കൈപ്പാടുകള്‍ കൃഷിനിലങ്ങളാക്കുന്നു
പഴയങ്ങാടി: കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ കൈപ്പാട് നിലങ്ങളും കൃഷിയോഗ്യമാക്കാന്‍ ടി.വി രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൈപ്പാടുള്ള ഈ മേഖലയില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് രൂപം നല്‍കിയിട്ടുള്ളത്. ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും.
തടയണകളുടെ നിര്‍മാണം, വര്‍ഷങ്ങളായി തരിശിടുന്നത്, ആധുനിക ചെമ്മീന്‍ കൃഷിയുടെ വ്യാപനം, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മലിനീകരണം, പരമ്പരാഗത മത്സ്യ കര്‍ഷക തൊഴിലാളികളുടെ അഭാവം എന്നിവ കൈപ്പാട് നെല്‍-ചെമ്മീന്‍ കൃഷിക്ക് പ്രതികൂലമായി വരുന്ന കാര്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് തരിശിട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ കൃഷി യോഗ്യമാക്കി സംയോജിത നെല്‍ ചെമ്മീന്‍ കൃഷിയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതിന് കര്‍ഷകര്‍ക്ക് 80 ശതമാനം സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
അഞ്ച് ഹെക്ടര്‍ വിസ്തീര്‍ണമുള്ള പാടങ്ങളെ ഒരു യൂനിറ്റാക്കി തിരിച്ച് അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായാണ് കൃഷി ചെയ്യുക. ആദ്യഘട്ടത്തില്‍ 500 ഹെക്ടര്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. പഞ്ചായത്ത് തലത്തില്‍ കര്‍ഷകരുടെയും, കൈപ്പാട് പാടശേഖര കമ്മിറ്റി, കര്‍ഷക സ്വാശ്രയ ഗ്രൂപ്പുകള്‍ എന്നിവരുടെ യോഗം ജനുവരി 15നകം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."