സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് പിതാവിനെ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ചുവടുവെപ്പാണ് സുപ്രഭാതം ദിനപത്രം. ഒമ്പത് പതിറ്റാണ്ടിന്റെ സമസ്തയുടെ ദീര്‍ഘ ചരിത്രത്തില്‍ സുപ്രഭാതം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. സമസ്തയുടെ കീഴില്‍ ഒരു പത്രമെന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും ശ്രമകരമായ ഒരു ദൗത്യമായ തുകൊണ്ട് എടുത്തു ചാടി നിര്‍വ്വഹിക്കപ്പെടേണ്ടതല്ലെന്ന സമസ്ത നേതൃത്വത്തിന്റെ നിലപാട് കൊണ്ടായിരുന്നു ഇക്കാലമത്രയും ഈ സ്വപ്‌നം നടപ്പിലാകാതെ പോയത്.
ഏറ്റവും ശ്രമകരവും മുന്നൊരുക്കമാവശ്യമുള്ളതുമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ ബാപ്പു മുസ്ല്യാരെന്ന സംഘാടക പ്രതിഭ കാണിച്ച ധീരത അനന്യസാധാരണമാണ്. പ്രമുഖനായൊരു പണ്ഡിത പ്രതിഭയെന്ന വിശേഷണത്തോടൊപ്പം ഇരുത്തംവന്ന ഒരുപത്രപ്രവത്തകനെയും പത്ര ഉടമയെയും ബാപ്പു മുസ്‌ല്യാരിലൂടെ മലയാളി പരിചയപ്പെടുകയായിരുന്നു.
ഏതൊരു കാര്യവും ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ അത് സംബന്ധമായി കൃത്യമായ പഠനം നടത്തി ഗൃഹപാഠം ചെയ്യുന്ന ബാപ്പു മുസ്ല്യാര്‍ ശൈലി പ്രത്യേകം ശ്രദ്ധയര്‍ഹിക്കേണ്ടതാണ്. സമസ്തക്കൊരു മുഖപ്പത്രം വേണമെന്ന ആവശ്യം പലപ്പോഴും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നപ്പോഴൊക്കെ ബാപ്പു മുസ്ലിയാര്‍ അതിലൊന്നും വലിയ ഗൗരവം കാണിച്ചിരുന്നില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. സമസ്തയുടെ യുവ വിദ്യാര്‍ത്ഥിനിരകള്‍ ഏക കണ്ഠമായി ഈ ആവശ്യം ഉയര്‍ത്തിയപ്പോഴും മൗനമവലംബിച്ച ബാപ്പു മുസ്ലിയാരുടെ നിലപാട് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
ബാപ്പു മുസ്‌ല്യാരെന്ന വ്യക്തിത്വം ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ സുപ്രഭാതം വെളിച്ചം കാണുമായിരുന്നില്ലെന്ന് തീര്‍ത്ത് പറയാന്‍ കഴിയും. പത്രമെന്ന ആവശ്യം കൂടുതല്‍ ശക്തി പ്രാപിക്കപ്പെടുകയും സംഘടനാ സംബന്ധമായ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്തതോടെ ആ വലിയ ഭാരം സ്വന്തം ചുമലിലേക്ക് ഏല്‍ക്കാന്‍ കാണിച്ച ധൈര്യം എത്ര പ്രശംസിച്ചാലും മതിയാകില്ല.ഒന്നാം ഘട്ടമായി പത്രമിറക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്യത്തില്‍ നടന്നത്.
തുടര്‍ന്ന് ചടുലമായ നീക്കങ്ങള്‍ക്ക് അദ്ദേഹം തന്നെ നേതൃത്വം നല്‍കി.
മറ്റെല്ലാ ജോലികളും തല്‍ക്കാലത്തേക്ക് മാറ്റി വെച്ച് ദിനേന മലപ്പുറത്ത് നിന്ന് കോഴിക്കോട് സുപ്രഭാതം ഓഫീസിലെത്തിയ ബാപ്പു മുസ്ലിയാര്‍ വരിക്കാരെ ചേര്‍ക്കുന്ന വിഷയം മുതല്‍ ജോലിക്കാരെ നിയമിക്കുന്ന കാര്യങ്ങളില്‍ വരെ ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്തു.പത്രസംബന്ധമായ എല്ലാ വിഷയങ്ങളിലും കൃത്യമായ ധാരണയും അവഗാഹവും അദ്ദേഹത്തിനുണ്ടായിരുന്നു.ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കു മുതല്‍ ഐ.ടി. സംബന്ധിയായ വിഷയങ്ങളില്‍ വരെ ഒരു മുന്‍പരിചയക്കാരന്റെ മിടുക്കോടെ തന്നെ കൈകാര്യം ചെയ്തത് അത്ഭുതമുളവാക്കിയ കാര്യമാണ്. സംഘടനാ സംബന്ധമായും അല്ലാതെയും വരുന്ന വാര്‍ത്തകളിലെ തെറ്റുകളും ഘടനാ സംബന്ധിയായ കുറവുകളുമൊക്കെ പരിചയ സമ്പന്നനായ ഒരു പത്രാധിപരെ പോലെ ഇടപെട്ട സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
എഡിറ്റിംഗിലെ അപാകതകളും ലേ ഔട്ടിലെ പോരായ്മകളും ചുണ്ടിക്കാണിച്ച അദ്ദേഹം ഓരോ ദിവസത്തെയും പത്രം വിലയിരുത്തി അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ലോപമില്ലാതെ പ്രശംസിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകളിലെ അബദ്ധങ്ങളും തെറ്റുകളും പത്രം കിട്ടാന്‍ സമയം വൈകിയതിന്റെ പേരിലുള്ള ആക്ഷേപങ്ങളും പലപ്പോഴും സ്വയം ഏറ്റെടുക്കാന്‍ കാണിച്ച പ്രതിബദ്ധത സുപ്രഭാതത്തെ എത്രത്തോളം സ്‌നേഹിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. തുടക്കകാലങ്ങളില്‍ തുടര്‍ച്ചയായി ഓഫീസിലെത്തിയിരുന്ന ഇദ്ദേഹം ഈ കാലയളവിനിടയില്‍ യാത്രാ ചിലവ് പോലും എഴുതിയെടുത്തിട്ടുണ്ടായിരുന്നില്ല. ആറു മാസക്കാലത്തോളം തുടര്‍ച്ചയായി ഓഫീസിലെത്തിയ അദ്ദേഹത്തെ ടി.എ.വാങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോലും അതില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.
ബാപ്പു മുസ്‌ല്യാര്‍ വിടവാങ്ങുന്നതോടെ സുപ്രഭാതത്തിന് പിതാവിനെയാണു നഷ്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."