പ്രവാസി കമ്മിഷന്‍ രാജിക്കൊരുങ്ങുന്നു
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെട്ടിക്കെട്ട് അപകടം അന്വേഷിച്ച കമ്മിഷന്‍ രാജിവച്ചതിനു പിന്നാലെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച പ്രവാസി കമ്മിഷനും രാജിയിലേയ്ക്ക്.
കമ്മിഷന് സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്മിഷന്‍ അധ്യക്ഷന്‍ രാജിക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കത്ത് ഇന്നലെ അധ്യക്ഷന്‍ ജസ്റ്റിസ് പി.ഭവദാസന്‍ പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി ഷീലാ തോമസിനും നല്‍കി.
കമ്മിഷന്‍ രൂപീകരിച്ച് എട്ടുമാസം പിന്നിട്ടിട്ടും ഓഫിസ് സൗകര്യം പോലും ലഭിച്ചിട്ടില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ നോര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥര്‍ കമ്മിഷനുമായി സഹകരിക്കുന്നില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രവാസി മലയാളിയുടെ ക്ഷേമത്തിനായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് ജസ്റ്റിസ് ഭവദാസന്‍ അധ്യക്ഷനായും ഡോ. ഷംസീര്‍ വയലില്‍, സോമന്‍ ബേബി, പി.എം.എ സലാം, കെ.ഭഗവത് സിങ് എന്നിവര്‍ അംഗങ്ങളായും പ്രവാസി കമ്മിഷന്‍ രൂപീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് കമ്മിഷന്‍ നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതിനാല്‍ അംഗങ്ങളായി തുടരാന്‍ കഴിഞ്ഞില്ല. പകരം അംഗങ്ങളെ കണ്ടെത്തുന്നതിനോ കമ്മിഷന് ഓഫിസ് അനുവദിക്കുന്നതിനോ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഏപ്രില്‍ മുപ്പതിന് കമ്മിഷന്റെ ആദ്യ യോഗം നടന്നു. പിന്നീട് യോഗം ചേര്‍ന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓഫിസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നോര്‍ക്ക വകുപ്പില്‍നിന്ന് നടപടിയുണ്ടായില്ല. അംഗത്വമൊഴിഞ്ഞവര്‍ക്കു പകരം ആളുകളെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല.
കമ്മിഷന്‍ അധ്യക്ഷന്‍ ഭവദാസന്റെ ശമ്പളക്കുടിശിക കോടതി ഇടപെടലിനെ തുടര്‍ന്നാണ് നല്‍കിയത്. പ്രവാസി ക്ഷേമത്തിനാവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുക, പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസി കമ്മിഷന്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."