വര്‍ഗീയ ശക്തികള്‍ക്കുള്ള മുന്നറിയിപ്പായി കമലിനുള്ള ഐക്യദാര്‍ഢ്യം
കൊടുങ്ങല്ലൂര്‍: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവറുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടെ വിഷം പുരട്ടിയ കത്തി ജനാധിപത്യ സമൂഹം പിടിച്ചെടുക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു.
കൊടുങ്ങല്ലൂര്‍ കൂട്ടായ്മ സംഘടിപ്പിച്ച കമലിന് ഐക്യദാര്‍ഢ്യം എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയ വിഷ ജന്തുക്കളുടെ വിഷപ്പല്ലുകള്‍ പറിച്ചെറിയാന്‍ മതേതര കേരളം ഒന്നിക്കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.
ഈ കൂട്ടായ്മ കമലിന് മാത്രമുള്ള ഐക്യദാര്‍ഢ്യമല്ല. വര്‍ഗീയ ശക്തികള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ആയിരങ്ങള്‍ക്കുള്ള പിന്തുണയാണ്. വാളയാര്‍ ചുരത്തിന് ഇപ്പുറം വര്‍ഗീയതയുടെ വിത്തുമുളപ്പിക്കാന്‍ സംഘപരിവാറിന് സാധിക്കില്ലെന്നും മുന്‍ മന്ത്രി ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കി. രാഷ്ട്രപിതാവിന്റെ നെഞ്ചിന് നേരെ വെടിയുണ്ട പായിച്ചവര്‍ ദേശീയത പഠിച്ചത് മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും വിദ്യാലയങ്ങളില്‍ നിന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക രാഷ്ട്രങ്ങളില്‍ ഏകാധിപതികളും വിഡ്ഢികളും താന്തോന്നികളും ഭരണാധികാരികളായിരുന്നിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ചേര്‍ന്ന ഭരണാധികാരിയെയാണ് ഇന്ത്യ ഇന്ന് കാണുന്നതെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. വടക്കെ നടയില്‍ നടന്ന സമ്മേളനം വര്‍ഗീയ ശക്തികള്‍ക്കുള്ള മുന്നറിയിപ്പായി മാറി. മതരാഷ്ട്രീയ ഭേദമില്ലാതെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സമ്മേളനത്തിനെത്തി. ഒരു പൊതു ചടങ്ങ് എന്നതിലുപരി പുതിയൊരു മതേതര കൂട്ടായ്മയുടെ വേദിയാണ് കൊടുങ്ങല്ലൂരില്‍ രൂപപ്പെട്ടത്.
നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ വി.ആര്‍ സുനില്‍കുമാര്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ.കെ.യു. അരുണന്‍, സംവിധായകരായ ലാല്‍ ജോസ്, ആഷിക് അബു ,സിനിമാ താരം റിമ കല്ലിങ്കല്‍,സജിത മഠത്തില്‍, സാറ ജോസഫ്, കെ.വേണു,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."