സി.പി.എം നേതാവിന്റെ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട സിവില്‍ പൊലിസ് ഓഫീസറെ മര്‍ദിച്ചതായി പരാതി
തൊടുപുഴ : ഗതാഗത തടസം ഉണ്ടാക്കിയ സി.പി.എം നേതാവിന്റെ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട സിവില്‍ പൊലിസ് ഓഫീസറെ സി.പി.എം വാര്‍ഡു മെമ്പറുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ പൊലിസ് സ്‌റ്റേഷനിലെ സി.പി.ഒ എം.എസ് ഷാജിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ കുമളി ടൗണിലായിരുന്നു സംഭവം.
ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി കുമളി ടൗണില്‍ ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെയാണ് ഷാജിക്ക് മര്‍ദനമേറ്റത്. വണ്ടന്‍മേട് ജംഗ്ഷനില്‍ മറ്റൊരു വാഹന യാത്രികരുമായി നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ട സി.പി.എം നേതാവിനോട് ഗതാഗത തടസം ഉണ്ടാക്കിയ കാര്‍ മാറ്റിയിടാന്‍ ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെ ഇയാള്‍ വാഹനത്തിനു പുറത്തിറങ്ങി.
തര്‍ക്കം തുടരുന്നതിനിടെ ഷാജി കാര്‍ മാറ്റിയിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനു ശേഷം ഷാജി സ്റ്റേഷനിലേയ്ക്കു മടങ്ങുകയും ചെയ്തു. തുടര്‍ന്നു കുമളി ടൗണിലുള്ള റൂമില്‍ വിശ്രമിക്കാന്‍ പോയ ഷാജിയെ പിന്തുടര്‍ന്നെത്തിയ ഏഴോളം പേര്‍ മര്‍ദിക്കുകയായിരുന്നു. തലയ്ക്കും ചെവിയ്ക്കും വയറിനും പരിക്കേറ്റ ഷാജിയെ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കുശേഷം തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഷാജിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സൂക്ഷിക്കണമെന്ന് ഉപദേശിച്ചിരുന്നു. തുടര്‍ന്നാണ് താമസിക്കുന്ന മുറിയില്‍ കടന്ന് സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."