സൂപ്പര്‍ താരങ്ങള്‍ ബാസ്റ്റേഴ്‌സിനെ കൈയൊഴിയുന്നു: ഹോസുവും സ്റ്റാക്കും ഹെങ്ബര്‍ട്ടും ബ്ലാസ്റ്റേഴ്‌സ് വിട്ടു
കോഴിക്കോട്: ഫുട്‌ബോള്‍ ആസ്വാദകര്‍ നെഞ്ചേറ്റിയ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ കരുത്തായിരുന്ന സ്പാനിഷ് താരം ഹോസുവും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കാത്തിരുന്ന ഇംഗ്ലണ്ട് താരം ഗ്രഹാം സ്റ്റാക്കും ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റു ക്ലബുമായി കരാറൊപ്പിട്ടു. സ്പാനിഷ് ക്ലബായ എക്‌സ്ട്രിമദുര യു.ഡിയുമാണ് ഹോസു കുരായിസ് കരാറൊപ്പിട്ടത്. സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബാണ് എക്‌സ്ട്രിമദുര. ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്ന കാര്യത്തെ കുറിച്ച് ഹോസു പ്രതികരിച്ചിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വിളിക്കുകയാണെങ്കിലും സീസണ്‍ തീരാതെ സ്‌പെയിനില്‍ നിന്നും കേരളത്തിലെത്തുമെന്ന കാര്യത്തിലും പ്രതീക്ഷയില്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രതിരോധ താരത്തെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹോസൂട്ടനേയും നഷ്ടമാകും.
കഴിഞ്ഞ രണ്ട് സീസണിലും ഹോസു ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. അതേ സമയം പരിശീലകന്റെ റോളിലാണ് ഗ്രഹാം സ്റ്റാക്ക് ഇംഗ്ലണ്ട് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. ഹാംഷെയറിലെ ബ്രിട്ടീഷ് ക്ലബായ എസ്റ്റലെയ്ഗിന്റെ ഗോള്‍കീപ്പര്‍ പരിശീലകനായിട്ടാണ് സ്റ്റാക്ക് കരാറൊപ്പിട്ടിട്ടുള്ളത്. ഒന്നര വര്‍ഷത്തേക്കാണ് കരാര്‍. മുപ്പത്തിയഞ്ചുകാരനായ സ്റ്റാക്ക് ഇനി കേരളത്തിലേക്ക് തിരിച്ചുവരുമോയെന്ന കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം ടീമിന്റെ നട്ടെല്ലും ക്യാപ്റ്റനുമായിരുന്നു സെഡ്രിക് ഹെങ്ബര്‍ട്ടും പുതിയ ക്ലബുമായി ഉടന്‍ കരാറൊപ്പിടുമെന്ന് പറഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഹെങ്ബര്‍ട്ട് ഇക്കാര്യം അറിയിച്ചത്. കരാര്‍ ഒരു യൂറോപ്യന്‍ ക്ലബുമായിട്ടായിരിക്കുമെന്നും പ്രമുഖമല്ലാത്തൊരു ചാംപ്യന്‍ഷിപ്പാലായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബാക്കി കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോകരുതെന്ന് പലരും ഹെങ്ബര്‍ട്ടിന്റെ ട്വീറ്റിന് പ്രതികരിച്ചിട്ടുണ്ട്. പുതിയ ക്ലബില്‍ ചേരുന്ന വല്യേട്ടന് ആശംസയുമായും ഒരു സംഘം രംഗത്തുണ്ട്. എവിടെ പോയാലും കേരളത്തില്‍ തന്നെ തിരിച്ചെത്തണമെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിലെല്ലാം ഹെങ്ബര്‍ട്ടായിരുന്നു പ്ലേമേക്കറുടെ റോളില്‍ തിളങ്ങിയത്. ഫൈനല്‍ മത്സരത്തില്‍ ഹെങ്ബര്‍ട്ടിന്റെ പെനാല്‍ട്ടി തടുത്തായിരുന്നു കൊല്‍ക്കത്തയുടെ രണ്ടാം ഫൈനല്‍ വിജയം. ഹെങ്ബര്‍ട്ട് ക്ലബ് വിട്ടാല്‍ ബ്ലാസ്റ്റേഴ്‌സിനത് കനത്ത തിരിച്ചടിയാകും. ഐ. എസ്. എല്ലിന്റെ തുടക്കത്തില്‍ തട്ടിക്കൂട്ട് ടീമുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഐ. എസ്.എല്ലിനെത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദ്യ മൂന്ന് കളികളും തോറ്റ ബ്ലസ്റ്റേഴ്‌സ് സ്റ്റീവ് കോപ്പലിന്റെ മിടുക്കുകൊണ്ടും ഭാഗ്യം കൊണ്ടും മാത്രമായിരുന്നു ഫൈനല്‍ വരെയെത്തിയത്.
അടുത്ത സീസണിലെങ്കിലും മികച്ച ടീമിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കൈയത്തും ദൂരത്തു നിന്ന് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."