പൊറോട്ടയ്ക്കും പുഴുക്കിനും വില മൂന്നു തേങ്ങ: കുഞ്ഞിക്കണ്ണന്റെ ചായക്കടയില്‍ ഇപ്പോഴും കലര്‍പ്പില്ലാത്ത ബാര്‍ട്ടര്‍
പൊയിലൂര്‍: രണ്ടു പൊറോട്ടയും പുഴുക്കും ചായയും കഴിച്ച തൊഴിലാളികളോടു കുഞ്ഞിക്കണ്ണന്‍ വിലയായി മൂന്നു തേങ്ങ വാങ്ങി കുലുക്കി നോക്കി അടുത്തുള്ള കൂട്ടയിലേക്കിട്ടു. എന്നിട്ട് ഒരു അറിയിപ്പുമുണ്ട്. പണി കഴിഞ്ഞാല്‍ കഞ്ഞിയുണ്ട്‌ട്ടോ. ഉച്ചയ്ക്കു കഞ്ഞിയും ചമ്മന്തിയും കുഞ്ഞിക്കണ്ണന്റെ വക ഫ്രീയാണ്. ഇവിടെയിപ്പോഴും ബാര്‍ട്ടര്‍ സമ്പ്രദായമാണ്. കാലം മാറിയിട്ടും നാട്ടുനന്മകള്‍ മാഞ്ഞുപോവാത്ത സെന്‍ട്രല്‍ പൊയിലൂര്‍ എരഞ്ഞാട്ട് എന്ന കൊച്ചുഗ്രാമം.
പ്രായം 58 കഴിഞ്ഞിട്ടും കണ്ണിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ നേരംപുലരും മുമ്പേ കറന്നെടുത്ത പശുവിന്‍പാലും റേഡിയോയും ചുമലില്‍തൂക്കി മൂന്നര കിലോമീറ്റര്‍ താണ്ടി വയില്‍ പീടികയിലെത്തും. രാവിലെ ആറുമണിയാവുമ്പോഴേക്കും കൃഷിയിടത്തിലേക്കു കര്‍ഷകര്‍ എത്തിതുടങ്ങും. അപ്പോഴേക്കും മുളക്കുറ്റിയില്‍ ചുട്ടെടുത്ത പുട്ടും പപ്പടവും കടലയും തയാറാക്കണം. അരി ഇടിച്ചെടുത്ത് ഇന്നലെകളില്‍ കര്‍ഷകര്‍ വിലയായി തന്ന തേങ്ങയും ചുരണ്ടി പശുവിന്‍പാല്‍ അടുപ്പത്തും വച്ച് തിരിഞ്ഞുനോക്കാന്‍ കുഞ്ഞിക്കണ്ണനു സമയമില്ല. കര്‍ഷകരുടെ ബഹളം തന്നെ കാരണം. കടയുടെ ഒരുഭാഗത്ത് തൊഴിലാളികള്‍ വസ്ത്രം മാറുമ്പോള്‍ മറ്റൊരു ഭാഗത്ത് കടയില്‍ തങ്ങള്‍ സൂക്ഷിച്ച പണിയായുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്ന തിരക്കിലുമാണ്. ഇതിനിടെ എല്ലാവരും ഒന്നിച്ച് ചായക്കും പുട്ടിനും ഓര്‍ഡര്‍ ചെയ്യും. ഇതു കഴിച്ചു വേണം പാടത്തിറങ്ങാന്‍. പത്തു മണിയാവുമ്പോഴേക്കും കപ്പയും ചെറുപയറും പച്ചക്കായയിട്ട് കടഞ്ഞെടുത്ത പുഴുക്കും പൊറോട്ടയും റെഡിയാവണം.
കോഴിക്കോട്ടെ ചെക്യാട് പഞ്ചായത്തിനോടും കണ്ണൂരിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിനോടും തൊട്ടുരുമ്മി കിടക്കുന്ന 50 ഏക്കര്‍ തെങ്ങിന്‍തോപ്പിനിടയിലാണു കുഞ്ഞിക്കണ്ണന്റെ ചായക്കട. തെങ്ങിന്‍തോപ്പിലും വാഴതോപ്പിലും ജോലിക്കെത്തുന്ന തൊഴിലാളികളാണ് ഇവിടത്തെ ഇടപാടുകാര്‍. അവരുടെ ഏക ആശ്രയവും ഈ ചായക്കട തന്നെ. നല്ലയിനം മൂന്നു തേങ്ങ നല്‍കിയാല്‍ ഇഷ്ടവിഭവങ്ങള്‍ വയറു നിറയെ കഴിക്കാം. തേങ്ങയുടെ വിലയനുസരിച്ച് എണ്ണത്തില്‍ മാറ്റമുണ്ടാവുമെന്നു മാത്രം. അടക്കയാണെങ്കില്‍ ഒരുകിലോ വേണം. ദിവസേന നൂറോളം തൊഴിലാളികള്‍ കുഞ്ഞിക്കണ്ണന്റെ ചായക്കടയെ ആശ്രയിക്കുന്നു. കുഞ്ഞിക്കണ്ണന്റെ ചായക്കട അറിഞ്ഞെത്തുന്നവരെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തും. 40 വര്‍ഷം മുമ്പ് ചായയ്ക്കും പുട്ടിനും വില പത്ത് പൈസയായിരുന്നുവെന്നു കുഞ്ഞിക്കണ്ണന്‍ ഓര്‍ക്കുന്നു.
ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി 17ാം വയസില്‍ ചായക്കട തുടങ്ങിയ കുഞ്ഞിക്കണ്ണനു കൂട്ടായി അന്നും ഇന്നും റേഡിയോ മാത്രം. ചായ നല്‍കുന്ന തിരക്കിനിടയില്‍ താന്‍ വളര്‍ത്തുന്ന പശുവിനു തീറ്റകൊടുക്കാനും റേഡിയോയുടെ ശബ്ദം കൂട്ടാനും കുഞ്ഞിക്കണ്ണന്‍ മറക്കുന്നില്ല. ഭാര്യയും മൂന്ന് ആണ്‍മക്കളുമടങ്ങുന്നതാണു കുഞ്ഞിക്കണ്ണന്റെ കുടുംബം. മക്കളെ പഠിപ്പിക്കാനും വീട് പണിയാനും ചായക്കട കൊണ്ട് സാധിച്ചുവെന്നതാണ് ഏറ്റവും വലിയ കാര്യമായി ഇവര്‍ക്കു പറയാനുള്ളത്. അതിനിടെ ഒന്നരവര്‍ഷം മുമ്പ് ചായക്കടയ്ക്കു സാമൂഹ്യദ്രോഹികള്‍ തീവച്ചതു കുഞ്ഞിക്കണ്ണന് ഓര്‍ക്കാന്‍ വയ്യ. എന്നിട്ടും തളരാതെ നില്‍ക്കുകയാണ് ഈ ചായക്കടക്കാരന്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിളംബര ജാഥ ഇന്ന്
കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം ഇന്ന് വൈകുന്നേരം മൂന്നിന് വിളംബര ജാഥ നടത്തും. കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന ജാഥ ടൗണ്‍ സ്‌ക്വയറില്‍ സമാ പിക്കും. സംഘാടക സമിതി അംഗങ്ങള്‍ക്ക് പുറമെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.സി.സി, അധ്യാപക വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ ജാഥയില്‍ അണിനിരക്കും.
തത്സമയം കാണാം
ഐ.ടി അറ്റ് സ്‌കൂളിന്റെ ചാനലായ വിക്ടേഴ്‌സില്‍ അഞ്ച് വേദികളിലെ ദൃശ്യങ്ങള്‍ തത്സമയം ഒരുക്കും. കൂടാതെ www.schoolkalolsavam.inല്‍ 10 വേദികളിലെ ദൃശ്യങ്ങള്‍ ലഭിക്കും. ട്രെയിന്‍ സമയം പോലെ തന്നെ ഒരോ വേദിയിലും എന്ത് നടക്കുന്നു എത്ര സമയം വൈകിയാണ് പരിപാടി നടക്കുന്നത് അടുത്ത ഇനം എത്ര മണിക്ക് നടക്കുമെന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഇതേ വെബ്‌സൈറ്റില്‍ അറിയാം.
സ്വര്‍ണക്കപ്പ് വരവേല്‍പ്പ്: അന്തിമ രൂപമായി
കണ്ണൂര്‍: കലോത്സവത്തിലെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണകപ്പിനുള്ള വരവേല്‍പ്പ് 14ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് മാഹിപാലത്തില്‍ നിന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കപ്പ് സ്വീകരിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ സമീപ വിദ്യാലയങ്ങളിലെ എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ്, ജെ.ആര്‍.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് സംഘങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും.
സ്റ്റേജ് ചുമതലക്കാര്‍ക്ക് പരിശീലനം നല്‍കി
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ശിക്ഷക് സദനില്‍ ചേര്‍ന്ന പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ വിവിധ സ്റ്റേജുകളുടെ ചുമതലക്കാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മാണിക്കോത്ത് ക്ലാസ് നയിച്ചു. കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ ജമിനി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബു രാജ്, ഗീത കൊമ്മേരി, സി.പി സനല്‍ ചന്ദ്രന്‍, എന്‍ തമ്പാന്‍, ഇ.കെ അശോകന്‍, കെ.സി രാജന്‍, കെ രമേശന്‍ സംസാരിച്ചു.
രചനാ ക്യാംപ്
കണ്ണൂര്‍: കലോത്സവത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടുകൂടി പ്രകൃതി വസ്തുക്കള്‍ ഉപയോഗിച്ചുള്ള സന്ദേശ രചന ക്യാംപ് സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ. പി ഇന്ദിര അധ്യക്ഷയായി. അഡ്വ. ടി.ഒ.മോഹനന്‍, അഡ്വ.ലിഷാ ദീപക്, വി.കെ.ദിലീപ്, അബ്ദുല്‍ ഖാദര്‍, ആര്‍ അനില്‍ കുമാര്‍ പങ്കെടുത്തു.
മാപ്പുമായി ആപ്ലിക്കേഷന്‍
കലോത്സേവത്തിന്റെ വേദി, താമസം, പാര്‍കിങ് ഏരിയ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള മാപ്പടക്കം ജില്ലയിലെ പ്രധാനപ്പെട്ട നമ്പറുകള്‍ എന്നിവയടങ്ങിയ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള വി ആര്‍ കണ്ണൂര്‍ തയാറാക്കിയിട്ടുണ്ട്. നേഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് വി ആര്‍ കണ്ണൂരിനായി ആപ്പ് തയാറാക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ആഘോഷമാക്കാന്‍ വിദ്യാര്‍ഥി സംഘടനകളും
കണ്ണൂര്‍: കലോത്സവത്തിന് ജില്ലയിലെ വിദ്യാര്‍ഥി സംഘടനകളും ഭാഗമാകും. കണ്ണൂരിലെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കാന്‍ സഹകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. താമസ, ക്ഷേമ കമ്മിറ്റികളുമായി സഹകരിച്ചാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുക. പ്രധാനവേദികളിലുള്‍പ്പെടെ കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കും. കലോത്സവനടത്തിപ്പിനിടെ ആവശ്യമാകുന്ന വളണ്ടിയര്‍മാരെയും സജ്ജമാക്കും. കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്ത ദിവസം വീണ്ടും വിദ്യാര്‍ഥി സംഘടനകള്‍ യോഗം ചേരും.
കാണേണ്ട കാഴ്ചകള്‍ക്ക് കണ്‍വെട്ടത്ത് അവഗണന
തന്‍ഫി കാദര്‍
2017 ലോക ടൂറിസം വര്‍ഷമാണ്. എഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂരില്‍ 16 മുതല്‍ അരങ്ങുണരുമ്പോള്‍ കലോത്സവ കാഴ്ചകള്‍ക്കൊപ്പം കേട്ടറിഞ്ഞ കണ്ണൂരിനെ കാണാനെത്തുന്ന അതിഥികളെ വരവേല്‍കുന്നത് അവഗണനയുടെ ദുരിതം പേറുന്ന ടൂറിസം കേന്ദ്രങ്ങള്‍.
പയ്യാമ്പലം പാര്‍ക്ക്
'എന്റെ അമ്മയെയും കുഞ്ഞിനെയും അവര്‍ കൊന്നു. അമ്മയും കുഞ്ഞും പൂതനയും കൃഷ്ണനും പോലെയായി. സാധാരണ ജനങ്ങള്‍ക്കുള്ള സൗന്ദര്യബോധംപോലും ഡി.ടി.പി.സി ഉദ്യോഗസ്ഥര്‍ക്കില്ലാതെ പോയി...' കൈത്തണ്ടില്‍ തലചേര്‍ത്ത് കുഞ്ഞിനെ അരികില്‍കിടത്തി ചരിഞ്ഞുകിടക്കുന്ന അമ്മയും കുഞ്ഞും ശില്‍പം കണ്ട് കാനായി കുഞ്ഞിരാമന്‍ പറഞ്ഞതാണിത്. ഇദ്ദേഹം നിര്‍മിച്ച ശില്‍പം ഇന്ന് വെറും കാടു കയറിയ മണ്‍കൂന മാത്രമാണ്. ശില്‍പിയുടെ അസൗകര്യമാണ് ശില്‍പം നവീകരിക്കാന്‍ തടസമെന്നാണ് ഡി.ടി.പി.സി പറയുന്നത്. പയ്യാമ്പലം പാര്‍ക്കിലേക്ക് കയറണമെങ്കില്‍ കുട്ടികളെ ഇന്‍ഷുറന്‍സ് എടുപ്പിക്കേണ്ട സ്ഥിതിയാണ്. പൊട്ടിപ്പൊളിഞ്ഞതും തുരുമ്പു പിടിച്ചതും ഒന്നു തുടച്ചുവൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടതുമായ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. നാല് വര്‍ഷം മുമ്പ് ഡി.ടി.പി.സിയാണ് പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ കൊണ്ടുവന്നത്. പിന്നീട് ഒരിക്കല്‍പോലും ഇവ പെയിന്റടിക്കാനോ യന്ത്രോപകരണങ്ങള്‍ നവീകരിക്കാ നോ അധികൃതര്‍ മെനക്കെട്ടില്ല.
ലൈറ്റ് ആന്‍ഡ്് സൗണ്ട് 'ഷോ' മാത്രം
അഞ്ഞൂറു വര്‍ഷം പഴക്കമുള്ള കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയുടെ ഐതിഹ്യവും യുദ്ധവും പ്രണയവുമെല്ലാം ശബ്ദ, വെളിച്ചവും ഉപയോഗിച്ച് പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്നും തുടരുന്നു. കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ലൈറ്റ് ആന്റ് സൗണ്ട് ഷോ കണ്ണൂരിന്റെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് 2014ല്‍ മന്ത്രി എ.പി അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്ന് ജനുവരിയില്‍ പ്രദര്‍ശനം ആരംഭിക്കുമെന്നു പറഞ്ഞത് മൂന്നു വര്‍ഷത്തിനിപ്പുറവും പ്രാവര്‍ത്തികമായില്ല. അടുത്തിടെയാണ് കോട്ടയുടെ ചില ഭാഗങ്ങളില്‍ നിന്ന് പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. അതിനു ശേഷം വിവിധ വകുപ്പിന്റെ അനുമതി ലഭ്യമാകുന്നതിന് വേണ്ടിയും കാലതാമസം വന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം പരിശോധിച്ച് അനുമതി നല്‍കിയതോടെയാണ് പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ വീണ്ടും വേഗത്തിലായത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 28ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഒരു ഷോയില്‍ മാത്രം ഒതുക്കി സാമഗ്രികള്‍ തിരിച്ചു കൊണ്ടുപോയി. പിന്നീട് മേയില്‍ ഒരാഴ്ചത്തെ പരീക്ഷണ പ്രദര്‍ശനം നടന്നിരുന്നു. ഇതിനു ശേഷം ശേഷം മണ്‍സൂണ്‍ എത്തിയതോടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
എവിടെ കണ്ണൂര്‍ കാഴ്ചകള്‍
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ വച്ചാണ് 2014 ഒക്ടോബറില്‍ മന്ത്രി അനില്‍കുമാര്‍ വിനോദസഞ്ചാരികള്‍ക്ക് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക ബസ് എന്ന പ്രഖ്യാപനം നടത്തിയത്. 2015 ജ നുവരി അഞ്ചിന് ബസ് വാടകയ്ക്ക് എടുത്ത് കണ്ണൂര്‍ കാഴ്ചകളെന്ന പേരില്‍ ഉദ്ഘാടനം അദ്ദേഹം തന്നെ നിര്‍വഹിച്ചു. എട്ട് മാസത്തോളം ഈ ബസ് കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയി. പുതിയ ബസ് വന്നിലെന്നു മാത്രമല്ല കരാര്‍ അടിസ്ഥാനത്തില്‍ ഓടിയ ബസ് കരാര്‍ അവസാനിപ്പിച്ച് ഒതുങ്ങുകയും ചെയ്തു.
മുഴപ്പിലങ്ങാട് ബീച്ച്
ബി.ബി.സിയുടെ ലോകത്തിലെ എറ്റവും മനോഹരമായ ഡ്രൈവ് ഇന്‍ ബീച്ചിന്റെ പട്ടികയിലുള്ളതാണ് മുഴപ്പിലങ്ങാട് ബീച്ച്. കോടികള്‍ ചെലവഴിച്ച് ഇവിടെ നിര്‍മിച്ച നടപ്പാത 2013ലുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. ഈ നടപ്പാത ഇന്നും അതേ അവസ്ഥയിലാണ്. കടല്‍ക്ഷോഭത്തിനു ശേഷം ഇന്നേവരെ ഇതു പുനര്‍നിര്‍മിക്കാനുള്ള രൂപരേഖ പോലുമുണ്ടാക്കിയിട്ടില്ല. വിദേശികളടക്കം നിരവധി പേരാണ് ദിവസവും മുഴപ്പിലങ്ങാടെത്തുന്നത്. ഇവര്‍ക്കു വേണ്ട പ്രാഥാമിക സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പഴശ്ശി പാര്‍ക്ക് വെള്ളത്തില്‍
നാലു വര്‍ഷംമുമ്പ് വെള്ളപ്പൊക്കത്തില്‍ പഴശ്ശി ഡാം കരകവിഞ്ഞൊഴുകി നശിച്ച പഴശ്ശി ഉദ്യാനവും കുട്ടികളുടെ പാര്‍ക്കും പുനര്‍നിര്‍മിച്ചില്ല. പഴശ്ശി ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞ് ജലസേചന വകുപ്പ് അനുമതി നല്‍കാത്തതാണ് കാരണം. 1.47 കോടി രൂപ ചെലവിട്ട് അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പഴശ്ശി ഉദ്യാനം പുനര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത. കിറ്റ്‌കോയ്ക്കാണ് കരാര്‍ ചുമതല. 2014 ജനുവരിയില്‍ തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള വ്യവസ്ഥയിലായിരുന്നു കരാര്‍. എന്നാല്‍ ഇന്നും പ്രവൃത്തികള്‍ മിക്കതും തുടങ്ങിയയിടത്തു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."