കൊടുവള്ളിയിലെ തോല്‍വി ലീഗ് നേതാക്കള്‍ക്കെതിരേ പ്രതിഷേധം പുകയുന്നു
കാലുവാരിയത് പ്രാദേശിക ലീഗ് നേതാക്കള്‍, കോട്ടകളില്‍ നിന്ന് വോട്ടു ചോര്‍ന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററുടെ തോല്‍വി സംബന്ധിച്ച് മണ്ഡലത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരേ പ്രതിഷേധം പുകയുന്നു. യു.ഡി.എഫിന്റെ ഉറച്ച സീറ്റ് നഷ്ടപ്പെട്ടതില്‍ സംസ്ഥാന നേതൃത്വം വരെ ഉത്തരവാദികളാണെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രാദേശിക നേതാക്കളുടെ കാലുവാരലുമാണ് പരാജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. മുസ്‌ലിംലീഗിന് വലിയ സ്വാധീനമുള്ള ബൂത്തുകളില്‍ പലതിലും എതിര്‍ സ്ഥാനാര്‍ഥിക്ക് വമ്പിച്ച ഭൂരിപക്ഷം നേടാനായത് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ കൂടി പിന്തുണയോടെയാണെന്നാണ് അണികള്‍ വിശ്വസിക്കുന്നത്. ഇടതു ഭരണം നിലനില്‍ക്കുന്ന നരിക്കുനി പഞ്ചായത്തിലും ഇടതിനു ആധിപത്യമുള്ള ബൂത്തുകളിലും യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് ഏറെ ശ്രദ്ധേയമാണ്. ലീഗിലെ അസന്തുഷ്ടരുടെ വോട്ടുകൊണ്ടാണ് താന്‍ വിജയിച്ചെതെന്നാണ് കാരാട്ട് റസാഖിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം പ്രാദേശിക ലീഗ് നേതാക്കള്‍ രഹസ്യമായി പിന്തുണച്ചതായും കാരാട്ട് സമ്മിതിക്കുന്നുണ്ട്. കൊടുവള്ളിയില്‍ ലീഗിനെ പ്രകോപിപ്പിച്ച് മുന്നോട്ടു പോകേണ്ടതില്ലെന്നാണ് കാരാട്ടിന്റെ തീരുമാനമെന്നറിയുന്നു.
എന്നാല്‍ മണ്ഡലത്തില്‍ ലീഗിന് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥിയെ കാലുവാരിയ പ്രാദേശിക നേതാക്കള്‍ക്കെതിരേ അമര്‍ഷം പുകയുമ്പോഴും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് മണ്ഡലത്തിലെ ഭൂരിപക്ഷം അണികളുടെയും ആഗ്രഹം. അതേസമയം കൂടെ നില്‍ക്കുകയും വോട്ടു മറിച്ചു വഞ്ചിക്കുകയും ചെയ്ത ലീഗിന്റെയും യൂത്ത് ലീഗിന്റെയും മണ്ഡലം, പഞ്ചായത്ത്, യൂനിറ്റ് നേതാക്കള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. പല സ്ഥലങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. മണ്ഡലം മുതല്‍ പുതിയ കമ്മിറ്റികള്‍ വരണമെന്നാണ് അണികളുടെ ആവശ്യം. മിക്ക സ്ഥലങ്ങളിലും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. പരാജയ കാരണക്കാരനായി എം.എ റസാഖ് മാസ്റ്ററെ ഒറ്റപ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയെ ഒറ്റുകൊടുത്ത പ്രാദേശിക ലീഗ് നേതൃത്വം മുഴുവന്‍ രാജിവയ്ക്കണമെന്ന അഭിപ്രായമാണ് ലീഗ് അണികള്‍ ആവശ്യപ്പെടുന്നത്. ലീഗിന്റെ മണ്ഡലം കമ്മിറ്റിയിലെ ചില ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റിയിലെ പല പ്രമുഖരും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. ഇവരുടെ എല്ലാം ബൂത്തുകളില്‍ ലീഗ് വലിയ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്റെ പോസ്റ്റല്‍ വോട്ടുപോലും ഇടതുപക്ഷത്തിന് നല്‍കിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ക്കെതിരേയാണു പടയൊരുക്കം നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണു തോല്‍വിയുടെ പ്രധാന കാരണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍, മണ്ഡലം കമ്മിറ്റികള്‍ക്കിടയിലുണ്ടണ്ടായ അനൈക്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായി എന്ന ആരോപണവും ഉയരുന്നുണ്ടണ്ട്. തോല്‍വി അന്വേഷിക്കാന്‍ ജില്ലാ ലീഗ് നേതൃത്വം കമ്മിറ്റി രൂപീകരിച്ച സാഹചര്യത്തില്‍ നേതൃത്വത്തിലെ ചിലര്‍ക്കെതിരേ നടപടിയുണ്ടണ്ടാവുമെന്നാണു സൂചന. മുസ്‌ലിംലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് പി. മുഹമ്മദാണു താല്‍ക്കാലിക ചുമതല വഹിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പൊതുസ്വീകാര്യനായ ഒരാളെ കൊണ്ടണ്ടുവരണമെന്നാണ് ആവശ്യം.
യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളിലെ ഭൂരിപക്ഷം കുറഞ്ഞതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കഴിഞ്ഞ തവണ 3,927 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന താമരശ്ശേരി പഞ്ചായത്തില്‍ 2,845 വോട്ടുകള്‍ കുറഞ്ഞു. യു.ഡി.എഫിന് വോട്ടുകുറഞ്ഞതിന് കാരണം പ്രാദേശിക ലീഗ് നേതൃത്വം ഫലപ്രദമായ രീതിയില്‍ പ്രചാരണം നടത്താത്തതാണെന്ന് വിലയിരുത്തലുണ്ട്. കിഴക്കോത്ത് പഞ്ചായത്തില്‍ കഴിഞ്ഞ തവണ 3,611 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് 1,278 ആയി ചുരുങ്ങി. ഈ പഞ്ചായത്തിലെ പ്രാദേശിക ലീഗ് നേതൃത്വം ഒന്നായി കാലുവാരിയതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായത്.
കൊടുവള്ളിയിലെ പ്രാദേശികവാദവും കാരാട്ടിന്റെ വ്യക്തിബന്ധവുമാണ് കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ ഇടതു സ്ഥാനാര്‍ഥിക്ക് 2,000 വോട്ടിന്റെ ലീഡ് നേടിക്കൊടുത്തത്. ഇവിടെയും പ്രാദേശിക നേതൃത്വം കാലുവാരിയതായാണ് അറിവ്. ഓമശ്ശേരി, മടവൂര്‍ പഞ്ചായത്തുകളിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റമറ്റതാക്കുന്നതിലും യു.ഡി.എഫ് പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. പല വീടുകളിലും സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്ന ബ്രോഷര്‍ പോലും എത്തിയിരുന്നില്ല. മൂന്നുഘട്ടങ്ങളിലായി വീടുകള്‍ കയറി പ്രചാരണം നടത്താനുള്ള സാമഗ്രികള്‍ മണ്ഡലം കമ്മിറ്റി ബൂത്തുതലത്തില്‍ എത്തിച്ചിരുന്നെങ്കിലും പോളിങ് സ്ലിപ്പിനോടൊപ്പമാണ് മിക്ക സ്ഥലത്തും ഇവ വീടുകളിലെത്തിയതെന്ന് പറയപ്പെടുന്നു. പുറം പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ എല്‍.ഡി.എഫ് കൃത്യമായ രീതിയില്‍ ഫീല്‍ഡ് വര്‍ക്കിലാണ് ശ്രദ്ധിച്ചത്. കഴി ഞ്ഞ ദിവസം ചേര്‍ന്ന എളേറ്റില്‍ ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പരാജയത്തിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി. കൃത്യമായ മറുപടി നല്‍കിയിട്ടില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ മുന്‍പാകെ വിഷയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അണികള്‍. ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണി ബന്ധം മറന്ന് എതിര്‍സ്ഥാനാര്‍ഥിക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കിയെന്നും ആരോപണമുണ്ട്. മുന്‍ എം.എല്‍.എ ഉമ്മര്‍ മാസ്റ്ററും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുമെന്ന് പറഞ്ഞ റോഡ് ഷോ അവസാന സമയം നടത്താന്‍ കഴിയാതെ പോയത് ഇടതുപക്ഷം പ്രചാരണായുധമാക്കിയിരുന്നു. ഇതുഫലം കണ്ടുവെന്നും വിലയിരുത്തപ്പെടുന്നു. കൊടുവള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിയില്‍ മത്സരിക്കുന്നതിനാല്‍ ഇവിടെ പ്രചാരണ രംഗത്ത് ഇറക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. മണ്ഡലത്തിലെ പ്രമുഖ നേതാക്കളുടെ ബൂത്തുകളിലെല്ലാം വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ജില്ലയിലെ ലീഗിന്റെ വിജയ പരാജയങ്ങള്‍ ശനിയാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."