കണ്ണൂര്‍ കോട്ടയിലെ പൊലിസ് എയ്ഡ് പോസ്റ്റ് തകര്‍ച്ചയില്‍
കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയിലെ പൊലിസ് എയ്ഡ് പോസ്റ്റ് പുരാവസ്തുവിനെ പോലും നാണിപ്പിക്കും. കോട്ടയുടെ പ്രവേശന കവാടത്തിലുള്ള എയ്ഡ്പോസ്റ്റാണ് കോട്ടയ്ക്കകത്ത് ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ക്ക് ഉപയോഗിക്കാന്‍ പോലുമാവാതെ തകര്‍ന്നു തുടങ്ങിയിരിക്കുന്നത്. എയ്ഡ് പോസ്റ്റ് പൂര്‍ണ്ണമായും ഉപയോഗശൂന്യമായിട്ടും അതു പുതുക്കി പണിയണമെന്ന തോന്നലും അധികൃതര്ക്കുണ്ടായിട്ടില്ല.
ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കണ്ണൂര്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വഴികാട്ടാനും, വിവരങ്ങള്‍ പറഞ്ഞു കൊടുക്കാനും നാലോളം ടൂറിസം പൊലിസുകാര്‍ കോട്ടക്കകത്ത് ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനും വസ്ത്രങ്ങള്‍ സൂക്ഷിക്കാനുമൊക്കെയായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ മാസങ്ങളായി പൊലിസ് എയ്ഡ് പോസ്റ്റ് പൂര്‍ണമായി അടച്ചിട്ട നിലയിലാണ്. എയ്ഡ് പോസ്റ്റിന്റെ മേല്‍ക്കൂര ഏതു സമയത്തും തകര്‍ന്നു വീഴുമെന്ന നിലയിലാണ്. മരത്തിലും പ്ലൈവുഡിലും നിര്‍മിച്ച എയ്ഡ് പോസ്റ്റിന്റെ ചുമരുകള്‍ തകര്‍ന്നതിനാല്‍ ഇഴജന്തുക്കളുടെ ഭീഷണിയും പൊലിസ് നേരിടുന്നു. ഇതിനുള്ളില്‍ വിശ്രമിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ കോട്ടയുടെ വിവിധ ഭാഗങ്ങളിലെ മരത്തമലുകളാണ് പൊലിസുകാര്‍ ഭക്ഷണം കഴിക്കാനടക്കം ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."