പരാതിയുള്ള സൈനികര്‍ നേരിട്ട് ബോധിപ്പിക്കണം: കരസേനാ മേധാവി
ന്യൂഡല്‍ഹി: സൈന്യത്തിലെ സൗകര്യങ്ങളെ കുറിച്ചും മറ്റും പരാതിയുള്ളവര്‍ തന്നോടു നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഏറെ വിവാദം സൃഷ്ടിച്ച ബി.എസ്.എഫ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ വിഡിയോ സന്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കു പരാതിയുണ്ടെങ്കിലും നേരിട്ട് എന്റെയടുത്ത് വന്ന് കാര്യങ്ങള്‍ വ്യക്തമാക്കണം. സൈനിക ആസ്ഥാനങ്ങളിലെല്ലാം പരാതിപ്പെട്ടികളുണ്ടെന്നും അത് ഉപയോഗപ്പെടുത്താനും സൈനികര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരസേനയുടെ ചുമതല ഏറ്റെടുത്ത ശേഷം റാവത്ത് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും അവിടെ സമര്‍പ്പിക്കുക. അല്ലാതെ സാമൂഹിക മാധ്യമങ്ങള്‍ അതിന് ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു പരാതികളിലും ഉചിതമായ നടപടിയുണ്ടാകുമെന്നും റാവത്ത് ഉറപ്പുനല്‍കി.
സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ച് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയക്കു പിറകെ അര്‍ധസൈനിക വിഭാഗത്തോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ജീത് സിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ അര്‍ധസൈനിക വിഭാഗത്തോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് വിമര്‍ശിച്ചത്.
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനുള്ള ശത്രുക്കളുടെ എല്ലാ ശ്രമങ്ങള്‍ക്കും തിരിച്ചടി നല്‍കണമെന്നും കശ്മിര്‍ അതിര്‍ത്തിക്കപ്പുറത്ത് സൈനിക നീക്കങ്ങള്‍ തുടരുന്ന പാകിസ്താനെതിരേ ആവശ്യം വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാതിര്‍ത്തിയില്‍ ഇപ്പോഴും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസവും നിയന്ത്രണരേഖ ലംഘിച്ച രണ്ടു ഭീകരരെ ജമ്മുകശ്മിരിലെ പൂഞ്ചില്‍ സൈന്യം കൊലപ്പെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശ്മിരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വരുതിയിലാക്കാന്‍ സൈന്യം പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതിനു പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ സൈനികന്‍ ചാന്ദു ചവാനെ വെറുതെ വിടാന്‍ പാക് സൈന്യം സമ്മതിച്ചതായി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."