മകരജ്യോതിയ്ക്ക് പുല്ലുമേട് ഒരുങ്ങി; പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം
തൊടുപുഴ: മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമ ജ്യോതി ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാഭരണകൂടം ഏര്‍പ്പെടുത്തി. അയ്യപ്പന്‍മാരുടെ സുരക്ഷക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ അറിയിച്ചു.
സുരക്ഷക്കായി വിപുലമായ പൊലിസ് സന്നാഹത്തെയാണ് വ്യന്യസിച്ചിരിക്കുന്നത്. കുമളി മുതല്‍ പെരുവന്താനം വരെ 15 സെക്ടറുകളിലായി എട്ട് ഡി.വൈ.എസ്.പി, 14 സി.എമാര്‍, 198 എസ്.ഐ എ.എസ്.ഐ, 1137 സിവില്‍ പൊലിസ് ഓഫീസര്‍മാര്‍, 63 വനിതാ സിവില്‍ പൊലിസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 1420 പൊലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. പുല്ലുമേട് മേഖലയില്‍ ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലും, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളില്‍ യതിഷ് ചന്ദ്രയും( ഡി.സി.പി എല്‍.ആന്റ് ഒ, കൊച്ചി സിറ്റി) ഡ്യൂട്ടിക്ക് നേതൃത്വം നല്‍കും. കൂടാതെ ട്രാഫിക് നിയന്ത്രണത്തിനായി മൂന്ന് സെക്ടറുകളിലായി അടിമാലി, പീരുമേട് ഹൈവേ പട്രോള്‍, ഇന്റര്‍സെപ്ടര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട് മേഖലയില്‍ മാത്രമായി മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 246 പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വനമേഖലയിലാകെ വെളിച്ചം ലഭിക്കുന്നതിനായി ട്യൂബ് ലൈറ്റ്, അസ്‌കാലൈറ്റ് എന്നിവ ക്രമീകരിച്ചു. അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുമായി സഹകിച്ച് ആവശ്യമായ സജ്ജീകരണം ഏര്‍പ്പെടുത്തി.
അയ്യപ്പഭക്തര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിലേക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീമുകളെ ഏര്‍പ്പാടാക്കി. വനം വകുപ്പ് വക എലിഫന്റ് സ്‌ക്വാഡ്, ഫയര്‍ ആന്റ് സേഫ്റ്റി യൂണിറ്റ് എന്നിവയുടെ സേവനവും ലഭ്യമാക്കും. വിവിധ ഭാഷകളിലുള്ള അനൗണ്‍സ്‌മെന്റ്, വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പുല്ലുമേട്ടിലും പരിസരത്തും മൊബൈല്‍ഫോണ്‍ കവറേജ് ലഭിക്കുന്നതിനായി ബി.എസ്.എന്‍.എല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പെരുവന്താനം മുതല്‍ കുമളി വരെ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണായി പ്രഖ്യാപിച്ച് വാഹന ഗതാഗതം സുരക്ഷിതമാക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
അയ്യപ്പഭക്തര്‍ക്ക് കോഴിക്കാനത്ത് എത്തിച്ചേരുന്നതിനും മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മുഴുവന്‍ അയ്യപ്പഭക്തന്‍മാരെയും കോഴിക്കാനത്തു നിന്നും തിരികെ കൊണ്ടു പോകുന്നതിനും ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മകരവിളക്കിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകണങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ദക്ഷിണ മേഖലാ എ.ഡി.ജി.പി ബി. സന്ധ്യ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാന പാതകളായ പുല്ലുമേട് ടോപ്പ്, ഉപ്പുപാറ, കോഴിക്കാനം, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ആവശ്യമായ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ 15 ആംബുലന്‍സുകള്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലെ അഞ്ച് ആംബുലന്‍സും ആധുനിക സംവിധാനങ്ങളുള്ള ഒരു എ.എല്‍.എസ് ആംബുലന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ഏര്‍പ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ടീമും മകരവിളക്ക് മുന്നൊരുക്കങ്ങള്‍ നേരിട്ട് പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫീല്‍ഡു വിഭാഗം സ്റ്റാഫ്, ഡ്രൈവര്‍മാര്‍ എന്നിവരെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."