സ്ഥാപനങ്ങളുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു
എരുമപ്പെട്ടി: വേലൂര്‍ ചുങ്കം സെന്ററില്‍ സ്ഥാപനങ്ങളുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ശബ്ദം കേട്ട് ജനങ്ങള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വേലൂര്‍ ചുങ്കം സെന്ററിലെ ലാബിന്റെയും ബൈക്ക് വര്‍ക്ക്‌ഷോപ്പിന്റെയും മുകളിലേക്ക് ഇന്നലെ രാത്രിയിലാണ് മരത്തിന്റെ വലിയ ശാഖ പൊട്ടിവീണത്.
ചുങ്കം സെന്ററിലുള്ള ജലസേചന വകുപ്പിന്റെ കനാല്‍ ക്വാര്‍ട്ടേഴ്‌സ് പറമ്പില്‍ ഉണ്ടായിരുന്ന നൂറു വര്‍ഷത്തിലധികം പഴക്കമുള്ള മാവിന്റെ വലിയ കൊമ്പാണ് ഒടിഞ്ഞു വീണത്. രാത്രിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന ചുങ്കം സെന്ററില്‍ മരക്കൊമ്പ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി മാറിയത് വന്‍ ദുരന്തം ഒഴിവാക്കി. കാലപ്പഴക്കം ചെന്ന് ദ്രവിച്ചു തുടങ്ങിയ മരത്തിന്റെ ശാഖകള്‍ മുറിച്ചു മാറ്റാന്‍ നിരവധി തവണ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കൊമ്പുകള്‍ മുറിച്ചു മാറ്റി. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ദിലീപ് കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ആര്‍ ഷോബി, ശുഭ അനില്‍കുമാര്‍, സ്വപ്ന രാമചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."