ടവറിനു മുകളില്‍ യുവാവ്; പൊലിസ് കാവലിരുന്നത് ഒരു രാത്രി മുഴുവന്‍
വേങ്ങര: മദ്യലഹരിയില്‍ ബി.എസ്.എന്‍.എല്‍ ടവറിനു മുകളില്‍കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഒടുവില്‍ പൊലിസ് പിടിയിലായി. കൊല്ലം കല്ലുവാതുക്കല്‍ മധുസൂദനന്‍ പിള്ള (47) യാണ് വേങ്ങര പൊലിസ് സ്റ്റേഷനു തൊട്ടടുത്തുള്ള ടവറിനു മുകളില്‍ കയറി നാട്ടുകാരെയും പൊലിസിനെയും അഗ്‌നിശമനസേനയേയും വട്ടംകറക്കിയത്.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മദ്യപിച്ച് ലഹരിമൂത്ത ഇയാള്‍ വേങ്ങര എട്ടാംകല്ലിലെ ബി.എസ്.എന്‍.എല്‍ ഓഫിസ് വളപ്പിലെത്തുകയായിരുന്നു. വാച്ച്മാനെ കബളിപ്പിച്ച് അകത്തുകടന്ന് ഏറെ ഉയരമുള്ള ടവറിനു മുകളില്‍ കയറുകയും ചെയ്തു. കാവല്‍ക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസും അഗ്‌നിശമനസേനയും നേരം പുലരുവോളം ഇയാള്‍ക്കു കാവലിരിക്കേണ്ടിവന്നു. രാവിലെ നിരവധിയാളുകള്‍ ഇവിടെ തടിച്ചുകൂടി. തുടര്‍ന്നു രാവിലെ എട്ടോടെ ഇയാള്‍ സ്വയം താഴെയിറങ്ങുകയായിരുന്നു.തുടര്‍ന്ന് ഇയാളെ മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പൊ ലിസ് കസ്റ്റഡിയിലെടുത്തു മെഡിക്കല്‍ പരിശോധന നടത്തി പറഞ്ഞുവിട്ടു.മുപ്പതു വര്‍ഷമായി വേങ്ങരയിലെ വിവിധ ക്വാര്‍ട്ടേഴ്‌സുകളിലായി താമസിച്ചുവരുന്ന ഇയാള്‍ നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും സ്ഥിരം ശല്യക്കാരനാണെന്ന് സി.ഐ പറഞ്ഞു. ഇവിടെനിന്നു മാറണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നു ക്വാര്‍ട്ടേഴ്‌സ് ഉടമ ഇയാളെ വിലക്കിയതാണ് ഭീഷണിക്കിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."