വിദ്യാര്‍ഥി പ്രക്ഷോഭം: തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അടച്ചിട്ടു
തിരുവനന്തപുരം: വിദ്യാര്‍ഥി പീഡനങ്ങള്‍ക്കെതിരേ പ്രക്ഷോഭം ശക്തിയായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ടെലിവിഷന്‍ അവതാരകയും ലോ അക്കാദമിയുടെ പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ക്കെതിരേ വലിയ ആരോപണങ്ങളാണ് കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.
ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ കോളജ് അടച്ചുപൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല.
യൂനിവേഴ്‌സിറ്റി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരാഴ്ചമുന്‍പ് പ്രിന്‍സിപ്പല്‍ തന്റെ റൂമിലേക്കു വിളിച്ചിട്ട് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കുകയാണു ചെയ്യുന്നത്. മിക്കപ്പോഴും ഒരിക്കല്‍പോലും ക്ലാസില്‍ ഹാജരാകാത്തവര്‍ക്കായിരിക്കും ഫുള്‍ ഹാജറും ഇന്റേണല്‍ മാര്‍ക്കും. പാസ്സ് ആകാന്‍ ഇന്റേണല്‍ മാര്‍ക്ക് അഭികാമ്യമായിരിക്കെ അതു നല്‍കാതെ തോല്‍പ്പിക്കുകയാണു പ്രിന്‍സിപ്പലിന്റെ രീതിയെന്നും വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ മുന്‍പ് യൂനിവേഴ്‌സിറ്റിയില്‍ നല്‍കിയ ഒരു പരാതി ഉന്നത ബന്ധംകൊണ്ടു പൂഴ്ത്തിയതായും ഇവര്‍ ആരോപിക്കുന്നു.
വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ, കോളജില്‍ നടക്കുന്ന സമരത്തിന്റെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് അവരെയും ഭീഷണിപ്പെടുത്തുകയാണ്. കോളജില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന റാഗിങ് വിരുദ്ധ സെല്‍ ഇല്ലെന്നും പ്രിന്‍സിപ്പല്‍ തന്നെയാണു റാഗിങ്ങിനു നേതൃത്വം കൊടുക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാത്രമല്ല, ഇനി സമരത്തിനിറങ്ങിയാല്‍ ഗുണ്ടകളെ വിട്ടു കൈകാര്യം ചെയ്യിക്കുമെന്നു തന്റെ പിതാവിനെ പ്രിന്‍സിപ്പല്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിതായി വിദ്യാര്‍ഥികളിലൊരാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."