പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു
മാള: പുത്തന്‍ചിറ, മാള ഗ്രാമപഞ്ചായത്തുകളിലെ നിരവധി സ്ഥലങ്ങളില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനല്‍ ശക്തമായതോടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ദിനേനെ പാഴായികൊണ്ടിരിക്കുന്നത്.
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കരിങ്ങാച്ചിറക്കും കുന്നത്തേരിക്കും ഇടയില്‍ മൂന്ന് സ്ഥലങ്ങളില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. മാണിയംകാവ് പടിഞ്ഞാറെ ജുമാ മസ്ജിദ് റോഡിലേക്കുള്ള പ്രവേശന സ്ഥലത്ത് രണ്ട് ആഴ്ചയിലേറെയായി വന്‍ തോതില്‍ കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നു.
മാണിയംകാവ് വെള്ളൂര്‍ റോഡില്‍ മറ്റ് രണ്ട് സ്ഥലത്തും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. കാരുമാത്ര പാലത്തിന് മുകളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. മാണിയംകാവിനും മങ്കിടിക്കും ഇടയില്‍ രണ്ട് സ്ഥലത്ത് പൈപ്പ് പൊട്ടികുടിവെള്ളം പാഴാകുന്നുണ്ട്.
മാള ഗ്രാമപഞ്ചായത്തിലെ മാരേക്കാട് പ്രദേശത്ത് മസ്ജിദിലേക്കുള്ള റോഡില്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം റോഡുലൂടെ ഒഴുകുകയാണ്.
റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് അടുത്ത പറമ്പിലേക്ക് വെള്ളം ഒഴുകി കൊണ്ടിരിക്കുകയാണ്. ഉരുണ്ടോളി ജങ്ഷനില്‍ റേഷന്‍ കടക്ക് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡലൂടെ ഏതാനും ദിവസങ്ങളായി ഒഴുകി കൊണ്ടിരിക്കുന്നു.
അഷ്ടമിച്ചിറ ജങ്ഷനിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. കുടിവെള്ളം പാഴാകുന്നത് തടയാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികള്‍ ഇല്ലെന്ന പരാതി വ്യാപകമാണ്. വാട്ടര്‍ അതോറിറ്റിയും ജലനിധിയും തമ്മിലുള്ള തര്‍ക്കമാണ് അറ്റകുറ്റപ്പണികള്‍ നീളുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."