അബ്ദുറഹീമിൻ്റെ മോചനം: കോടതി നടപടികൾ ആരംഭിച്ചു, ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
റിയാദ്: സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു. റഹീമിനെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായി നൽകിയ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തിയതി കോടതി അറിയിക്കും. മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിലാണ് തുടർ നടപടികൾ വേഗം കൈകൊള്ളുന്നത്.
ഇരുവിഭാഗങ്ങളുടെയും വാദം കേട്ട് അന്തിമ വിധിയുണ്ടാകും. വാദി, പ്രതിഭാഗങ്ങൾ കേസ് ഒത്തുതീർപ്പിനുള്ള മറ്റു നടപടികളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ വാദി ഭാഗവുമായി ഉണ്ടാക്കിയ ഒത്തു തീർപ്പ് കരാറിൻ്റെ അടിസ്ഥാനത്തിൽ മോചന ദ്രവ്യം നൽകാൻ പ്രതിഭാഗം തയ്യാറായ സാഹചര്യത്തിൽ കേസ് തീർപ്പാക്കാനാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകർ മുഖേനയാണ് കോടതിൽ ഹർജി നൽകിയത്. മോചനത്തിന് ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സഊദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയിൽ പണം എത്തിയാലും കോടതി വിധിക്കനുസരിച്ചാണ് പണം കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബത്തിന് കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ അറ്റോർണിയും നിയമസഹായസമിതിയുടെ ലീഗൽ കോഓഡിനേറ്ററുമായ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോഴാണ് 2006 നവംബർ 28ന് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് എത്തിയത്. സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയെ പരിചരിക്കുന്നത് ജോലിയുടെ ഭാഗമായിരുന്നു. ഇതിനിടെ, കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെ റിയാദിലെത്തിയതിന്റെ 28ാം നാളിൽ റഹീം ജയിലിലായി. പിന്നീട് റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെ ജയിൽ വാസം 18 വർഷത്തോളം നീണ്ടു. കോടതി വിധി വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് നീണ്ട ചർച്ചകൾക്കൊടുവിൽ ദിയ സ്വീകരിച്ച് മാപ്പുനൽകാൻ തയാറായി സഊദി കുടുംബം സന്നദ്ധരായത്. തുടർന്നാണ് നാട്ടുകാർ മൂന്നാഴ്ചക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."