ഇടുക്കിയില്‍ റീസര്‍വേ നടപടികള്‍ മാര്‍ച്ച് ഒന്നിന് പുനരാരംഭിക്കും
തൊടുപുഴ: നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ ഇഴയുന്ന റീസര്‍വേ നടപടികള്‍ മാര്‍ച്ച് ഒന്നുമുതല്‍ ഇടുക്കി ജില്ലയില്‍ പുനരാരംഭിക്കും.
ആദ്യഘട്ടത്തില്‍ പത്ത് വില്ലേജുകളിലാണ് ആരംഭിക്കുക. പീരുമേട് താലൂക്കിലെ രണ്ട് വില്ലേജുകള്‍, ഉടുമ്പന്‍ചോലയില്‍ അഞ്ച്, ഇടുക്കിയില്‍ രണ്ട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് സര്‍വേ നടപടി നടക്കുക. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് റിസര്‍വേ നടപ്പാക്കുക. ഇതിനുശേഷം ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കും. ജില്ലയിലെ പട്ടയപ്രശ്‌നം പരിഹരിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. റീസര്‍വേയുടെ ഭാഗമായി പട്ടയപ്രശ്‌നം കൂടി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പുറമ്പോക്ക് ഒഴിച്ചുള്ള സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂമി സംബന്ധമായ സര്‍ക്കാര്‍ രേഖകള്‍ കൃത്യമാക്കുന്നതിനായി 1966 ലാണ് റീ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 20 വര്‍ഷത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശ്യം. ജില്ലയില്‍ 2007ല്‍ നിര്‍ത്തിവെച്ച റീസര്‍വേ പരമാവധി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ല കണ്‍സ്യൂമര്‍ ഫോറവും മറ്റ് പത്തുപേരും ചേര്‍ന്ന് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, നടപടി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സര്‍വേ ജീവനക്കാരുടെ അഭാവവും റീസര്‍വേ നടത്തിയതിലെ ആശയക്കുഴപ്പവുമാണ് കാലതാമസത്തിന് ഇടയാക്കുന്നത്.
റീസര്‍വേ നടന്ന പല സ്ഥലത്തും പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നങ്ങളുള്ളവരുടെ കൈവശമുള്ള പട്ടയരേഖകള്‍ ഒരോന്നും ആധികാരികമാണോയെന്ന് പരിശോധിച്ച് അപാകത പരിഹരിച്ച് നടപടി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. 66 വില്ലേജുകളുള്ള ജില്ലയില്‍ 27 വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയാകാനുള്ളത്.
ജില്ലയില്‍ റീസര്‍വേ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സര്‍വേ സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ സമഗ്ര കര്‍മപദ്ധതി തയാറാക്കി കലക്ടര്‍ക്കും സര്‍വേ ഡയറക്ടര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 1600 സര്‍വേ ജീവനക്കാരാണുള്ളത്. ഇടുക്കിയില്‍ മാത്രം സര്‍വേ നടത്താന്‍ 925 ജീവനക്കാര്‍ വേണ്ടിവരും.
സര്‍വേയര്‍മാരുടെ അഭാവം പരഹരിക്കാന്‍ കാസര്‍കോട് ഒഴികെ ജില്ലയില്‍നിന്ന് ഇടുക്കിയിലേക്ക് ജീവനക്കാരെ പുനര്‍ വിന്യസിക്കും. കാസര്‍കോട്ട് ഈമാസം 26നാണ് റീസര്‍വേ നടപടി പുനരാരംഭിക്കുന്നത്. ജില്ലയില്‍ പലയിടത്തും റീസര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ വസ്തു വില്‍ക്കാനോ ഈടുവെച്ച് വായ്പയെടുക്കാനോ കഴിയാത്ത സാഹചര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."