കണ്ണൂര്‍ വന്നു കണ്ടോളി.. കടികള്‍ കണ്ടു കയ്‌ച്ചോളി
കണ്ണൂരിലെന്തിനും ഉപ്പുംമുളകും കൂടും. തെക്കന്‍കേരളത്തില്‍ നിന്നും ആദ്യമായെത്തുന്നവര്‍ക്ക് ഇതൊക്കെ വല്ലാത്ത പുതുമയാണ്.തിരുവിതാംകൂര്‍കാരെ വീഴ്ത്തിയ മൂന്നു നാക്കിനുരുചയുള്ള കാര്യങ്ങളെ കുറിച്ചുള്ള കഥയാണ് പറയുന്നത്. (സസ്യാഹാരികള്‍ പൊറുക്കണം)
സമൂസയില്ല അരിക്കടുക്ക
കാണാന്‍ സമൂസമാതിരിയുണ്ട്. പക്ഷെ തോടിങ്ങനയെല്ല. എന്നാലൊന്നു ടേസ്റ്റു നോക്കികളയാം, കണ്ണൂരില്‍ കലോത്്‌സവം കൂടാനെത്തി നഗരം കറങ്ങാനിറങ്ങിയവര്‍ക്കു തോന്നി. ഒന്നുവാങ്ങി പേരു ചോദിച്ചു എന്താണിതു സാധനം.
കണ്ണൂരില്‍ കല്ലുമ്മക്കായപൊരി, പുറത്തു അരിക്കടുക്ക.സാധനം കിടിലന്‍ തട്ടുപീടികകളില്‍ ചെമ്പരത്തിപൂപോലെ വിരിഞ്ഞു നല്‍കുന്നു. പാറമ്മേല്‍നിന്നും പൊളിക്കുന്ന കല്ലുമ്മക്കായിക്ക് വല്ലാത്ത ടെസ്റ്റ്. മതിയാക്കാന്‍ തോന്നുന്നില്ല. വയറുനിറയെ തിന്ന സംഘം കുറെ വാരിക്കൂട്ടി മറ്റുള്ളവര്‍ക്കും കൊണ്ടുപോയി. കണ്ണില്‍ നിന്നും മുളകിന്റെ എരിച്ചലില്‍ വെള്ളം നിറഞ്ഞപ്പോഴും പലരും തലകുലുക്കി പറയാന്‍ മറന്നില്ല പഷ്ട്, പഷ്ട്...
സിറ്റിയിലെ പത്തരിയും
പിന്നെ മത്തിക്കറിയും
കണ്ണൂര് നഗരത്തിലെ ടേസ്റ്റിന്റെ തെരുവാണ് സിറ്റി.മീനും ഇറച്ചിയും പത്തിരിയും പുട്ടുംമുട്ടയും സുലൈമാനിയുമൊക്കെ കിട്ടുന്ന നാട്. കണ്ണൂര്‍ കോട്ടകണ്ട് , അറക്കല്‍ ബീവിയുടെ കൊട്ടാരത്തിലും കയറി ആയിക്കര ബീച്ചിലൂടെ അതിരാവിലെ നടത്തം പാസാക്കിയവര്‍ക്കു വിശന്നു.
എട്ടുമണിയായിട്ടോയുള്ളൂ. ഒരു കാലിച്ചായ കുടിക്കാന്‍ കയറിയപ്പോള്‍ അലമാരയില്‍ പത്തിരി തിളങ്ങുന്നു. ജീരകത്തിന്റെ ഇളംമണത്തോടെ.. ഓരോന്നുവാങ്ങി കഴിച്ചപ്പോള്‍ മേശപ്പുറത്തു വന്നത് ഒരുപ്ലേറ്റ് മത്തിക്കറി. മത്തിമാത്രമല്ല പലതുമുണ്ട്. ചോദ്യഭാവത്തില്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ പുലരുന്നതിനിടയില്‍ തന്നെ ഇവിടെ ഇതൊക്കെ റെഡ്യാണ് മാഷേയെന്ന ഭാവത്തില്‍ സപ്‌ളൈയര്‍.മത്തിക്കറിമാത്രമല്ല, ബീഫും ചിക്കനുമൊക്കെ ഇത്രരാവിലെ കിട്ടുന്ന നാടിനെ കുറിച്ചുപറയുമ്പോള്‍ പലര്‍ക്കും അതിശയം.കണ്ണൂര്‍ ഒണ്ടേന്‍ റോഡു ഭാഗത്തു പോയവര്‍ക്കു ഹോട്ടലുകളില്‍ നിന്നും കിട്ടിയ മീന്‍വിഭവങ്ങള്‍ എത്രയെന്നുപോലും ഓര്‍മയില്ല. ഒരുകാര്യമാത്രമറിയാംസംഗതി കിടിലന്‍.
എന്നാലൊരു ഫുള്‍
ബിരിയാണി നമ്മള്‍ക്കും പോരട്ടെ
രാവിലെ പുട്ടുംകറിയും കഴിക്കുന്നതാണ് ഏവര്‍ക്കും ശീലം. ഇഡ്ഡലിയും ദോശയും കഴിക്കുന്നവരുംകുറവല്ല. എന്നാല്‍ ബിരിയാണിയും സുലൈമാനിയും ലഭിച്ചാല്‍.അതോര്‍ക്കാന്‍കൂടി കഴിയില്ല. കണ്ണൂര്‍ നഗരത്തിലെ മുനീശ്വരന്‍കോവിലനപ്പുറം ലോഡ്ജില്‍ താമസിക്കുന്ന ടീമുകള്‍ക്കാണ് ഈ അനുഭവം. രാവിലെ ഭക്ഷണം കഴിക്കാനിറങ്ങിയവരായിരുന്നു ഇവര്‍. നടന്നുനീങ്ങിയപ്പോള്‍ ചില്ലുകള്‍ കൊണ്ടു തീര്‍ത്ത ഒരു ഹോട്ടല്‍ കണ്ടു. കയറി നല്ലവൃത്തിയിട്ടുണ്ട്. ഓര്‍ഡറെടുക്കാന്‍ വന്നപ്പോള്‍ സ്പളൈയര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു. ബിരിയാണി, പൊറോട്ട, ചപ്പാത്തി. ദോശയും ചായയുമില്ലേ. ചായയുണ്ട് ദോശയില്ലെന്നായിരുന്നു മറുപടി. ബിരിയാണി ദമ്മിടുന്നതിന്റെ മണം മൂക്കിനടിച്ചപ്പോള്‍ ഓര്‍ഡര്‍ ചെയ്തു. കഴിച്ചപ്പോള്‍ കണ്ണുതള്ളി. ഇതുവേറെ ലവലാണ്. ഒരാഴ്ചക്കാലം രാവിലെ ഇതുതന്നെ ബ്രേക്ക് ഫാസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."