ജില്ലാ ആശുപത്രിയില്‍ ടെലിറേഡിയോളജി സംവിധാനം
മാനന്തവാടി: ഏറെ രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ടെലി റേഡിയോളജി സംവിധാനം ആരംഭിച്ചു. രോഗികള്‍ക്ക് 24 മണിക്കൂറും സിടി സ്‌കാനിങ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ആദ്യപടിയായാണ് സംവിധാനം ആരംഭിച്ചത്. തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ ആംരംഭിച്ച സംവിധാനം വഴി റേഡിയോളജിസ്റ്റിന്റെ അഭാവത്തിലും ഇനി സിടി സ്‌കാനിങ് നടത്തി ഒരു മണിക്കൂറിനുള്ളില്‍ റിസല്‍ട്ട് ഓണ്‍ലൈന്‍ വഴി ലഭ്യമാകും.
ജില്ലാശുപത്രിയില്‍ നിലവിലുള്ള റേഡിയോളജിസ്റ്റ് അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കാനിങ് സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാനും ജില്ലാശുപത്രിയിലെ സ്‌കാനിങ് വിഭാഗസേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെലി റേഡിയോളജി സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. ഇനി മുതല്‍ സ്‌കാനിങ് ചെയ്യേണ്ടുന്ന രോഗികളെ ലാബ് ടെക്‌നീഷ്യന്‍ സ്‌കാനിങിന് വിധേയമാക്കുകയും പിന്നീട് സ്‌കാന്‍ ഫിലിം ഓണ്‍ലൈനായി തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിലേക്ക് അയക്കുകയും ചെയ്യും. അവിടെയുള്ള അഞ്ചോളം ഡോക്ടര്‍മാര്‍ സ്‌കാനിങ് ഫിലിം പരിശോധിച്ചതിനു ശേഷം പരിശോധന ഫലം ഓണ്‍ലൈനായി തിരികെ അയക്കും.
കേവലം ഒരു മണിക്കൂറിനുള്ളില്‍ രോഗിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് ജില്ലാശുപത്രിയില്‍ ലഭ്യമാകുക വഴി രോഗികളുടെ ആരോഗ്യസ്ഥിതി ജില്ലാശുപത്രി ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാനും ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ജില്ലാശുപത്രിയില്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് സ്‌കാനിങ് സേവനം ലഭ്യമായിരുന്നത്. ഇത് 4 മണിവരെ ആക്കി നീട്ടിയിട്ടുണ്ട്.
പുതിയ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതോടെ അടുത്തമാസം മുതല്‍ 24 മണിക്കൂറും സിടി സ്‌കാനിങ് സേവനം ജില്ലാശുപത്രിയില്‍ ലഭ്യമാകുമെന്നും ജില്ലാപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ടെലി റേഡിയോളജി സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്തംഗം ഒ.ആര്‍ രഘു, ജില്ലാശുപത്രി സൂപ്രണ്ട് രവിപ്രസാദ്, ആര്‍.എം.ഒ ഡോ.സനല്‍ ചോട്ടു, ഡോ.ടി.പി സുരേഷ്‌കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് സിജി രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."