സി.എസ്.ഡി.എസ് ജില്ലാ ഹര്‍ത്താലില്‍ സംഘര്‍ഷം
കോട്ടയം: എം.ജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിക്കു നേരെയുണ്ടായ പീഡനത്തിനെതിരെ ചേരമര്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ ഹര്‍ത്താലില്‍ സംഘര്‍ഷം. നഗരത്തിലും പരിസര കവലകളിലും സന്നിഹിതരായിരുന്ന നേതാക്കളും പ്രവര്‍ത്തകരും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷം തുടരാനിടയാക്കിയത്. രാവിലെ ആറു മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞു തുടങ്ങിയ പ്രവര്‍ത്തകര്‍ നഗരമധ്യത്തില്‍ രണ്ടു കെ.എസ്.ആര്‍.ടി.സി ബസിനു കല്ലെറിഞ്ഞു.
രണ്ടു ബസുകളുടെയും ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ രാമപുരത്ത് ഓട്ടോറിക്ഷയും തകര്‍ത്തു. ചിങ്ങവനത്ത് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ തടഞ്ഞു നിര്‍ത്തി സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. ചങ്ങനാശേരിയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവം പോലുമുണ്ടായി.സമീപ പ്രദേശങ്ങളില്‍ നിന്നു കോട്ടയം നഗരത്തിലേക്ക് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകരെയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞിട്ടു പോലും വാഹനങ്ങള്‍ കടത്തി വിടാന്‍ തയ്യാറായില്ല.
ഇന്നലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. വാഹനങ്ങള്‍ തടയില്ലെന്നായിരുന്നു ആദ്യം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹര്‍ത്താല്‍ ആരംഭിച്ചതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് വാഹനങ്ങള്‍ തടഞ്ഞു. എം.സി റോഡില്‍ മുളങ്കുഴ ജങ്ക്ഷനില്‍ ദീര്‍ഘദൂര, സ്വകാര്യ ബംഗലൂരു സര്‍വീസുകള്‍ ആറരയോടെ തന്നെ തടഞ്ഞിട്ടിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നു കാവാലത്തിനു സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടി.ബി റോഡില്‍ പൊതുമരാമത്ത് ഓഫിസിനു സമീപത്തുവച്ച് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഇടവഴിയില്‍ നിന്നു കയറി വന്ന ഒരു സംഘം ആളുകള്‍ ചില്ല് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ വെസ്റ്റ് എസ്.ഐ എം.എസ് ഷിബു അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് രാമപുരത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തത്. സി.എസ്.ഡി.എസ് പ്രകടനം കടന്നു വരുമ്പോള്‍ എതിര്‍ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയാണ് ത്ല്ലിത്തകര്‍ത്തത്.
ഓട്ടോറിക്ഷയുടെ ചി്ല്ല് തകര്‍ക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമം രൂക്ഷമായതോടെ ഡ്രൈവര്‍ ഓടിരക്ഷപെടുകയായിരുന്നു. ചിങ്ങവനത്ത് സി.എസ്.ഡി.എസ് പ്രകടനം നടക്കുന്ന സ്ഥലത്ത് ബൈക്കിലെത്തിയ യുവാക്കളെയാണ് സംഘം അക്രമിച്ചത്. മൂലവട്ടം സ്വദേശികളായ മഹേഷ്, അഭിലാഷ് എന്നിവര്‍ നേതാക്കളുടെ സമ്മതത്തോടെ പ്രകടനത്തിനു സമീപത്തുകൂടി ബൈക്കില്‍ കടന്നു പോകുകയായിരുന്നു. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊടികെട്ടിയ വടി ഉപയോഗിച്ചു ഇവരെ അക്രമിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു ഇവരെ ആക്രമിക്കുകയായിരുന്നു. ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘമാണ് ഇവരെ രക്ഷിച്ചത്.
പുതുപ്പള്ളിയില്‍ വാഹനങ്ങള്‍ തടയാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം പൊലിസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കാഞ്ഞിരപ്പള്ളിയില്‍ റോഡ് ഉപരോധിച്ചവര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. അരമണിക്കൂറോളം ഇവിടെ പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എം.സി റോഡില്‍ ചിങ്ങവനം, കുറിച്ചി, തുരുത്തി, മതുമൂല, ചങ്ങനാശേരി, മണിപ്പുള, മുളങ്കുഴ എന്നിവിടങ്ങളിലും, കെകെ റോഡില്‍ വടവാതൂര്‍, കളത്തിപ്പടി, മണര്‍കാട് പാമ്പാടി എന്നിവിടങ്ങളിലും പ്രതിഷേധകര്‍ക്കാര്‍ വാഹനം തടഞ്ഞിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകരെയും വാഹനങ്ങളും തടഞ്ഞ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ് മനോജും സെക്രട്ടറി ഷാലു മാത്യുവും ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ട: ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഈരാറ്റുപേട്ടയില്‍ ഭാഗിക പ്രതികരണം. രാവിലെ ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും 10 മണിയോടെ സമരാനു കൂലികളുടെ അഭ്യര്‍ഥനമൂലം കടകള്‍ പിന്നീട് അടച്ചു. വിരലിലെണ്ണാവുന്ന കടകള്‍ തുറന്നിരിക്കുകയും ചെയ്തു.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി ഭാഗികമായി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തി. സ്വകാര്യ ബസ്സ് സര്‍വ്വീസുകളൊന്നും ഓടിയില്ല. നടക്കല്‍ പ്രദേശത്ത് ഹര്‍ത്താലിന് ഒരിക്കലും കട കമ്പോളങ്ങള്‍ അടക്കാറില്ല. ഇവിടെ ഹര്‍ത്താലിന്റെ പ്രതീതി പോലും ഉണ്ടായിരുന്നില്ല.
പാലാ : സി.എസ്.ഡി.എസ് ജില്ലിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാലായില്‍ പൂര്‍ണം, സമാധാനപരം. പാലായില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ജീവനക്കാരുടെ ഹാജര്‍നില കുറവായിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ രാവിലെ ആരംഭിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തിയതോടെ സര്‍വീസ് നിര്‍ത്തിവച്ചു. ഇരുചക്രവാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. പാലായില്‍ സി.എസ്.ഡി.എസിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പൈക, രാമപുരം, കൊല്ലപ്പള്ളി, പ്രവിത്താനം, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍ എന്നിവടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
കാഞ്ഞിരപ്പള്ളി: സി.എസ്.ഡി.എസ് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. രാവിലെ ആറ് മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ വാഹനങ്ങള്‍ തടഞ്ഞു. ശബരിമല വാഹനങ്ങള്‍ തടഞ്ഞിരുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു.
പതിനഞ്ച് മിനിറ്റോളം വാഹനം തടഞ്ഞിട്ട ശേഷമാണ് കടത്തി വിട്ടിരുന്നത്. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ തടഞ്ഞു. പോലീസ് ഇടപെട്ടാണ് പിന്നീട് അരണിക്കൂറിന് ശേഷം ബസ് കടത്തി വിട്ടത്. ഇതിനിടെ ഹര്‍ത്താല്‍ അനുകൂലികളുടെ നേരെ ബൈക്ക് ഓടിച്ചുവെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചുവെന്ന ആരോപണവുമുണ്ടായി.
കാഞ്ഞിരപ്പള്ളി സ്വദേശികളായ ഇല്ലത്തുപറമ്പില്‍ വീട്ടില്‍ നിയാസ് (34) മങ്കാശ്ശേരി വീട്ടില്‍ ഷാന്‍ (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ സമരാനുകൂലികളോട് പിരിഞ്ഞ് പോകണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
താലൂക്ക് യൂനിയന്‍ നേതാക്കളായ ടി.കെ രാജന്‍, അനി കണ്ടത്തില്‍, ഷാജി ചൂണ്ടശ്ശേരി, സുരേഷ് ഇ.എ, അനീഷ് ചാക്കോ,കെ.എം ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം: ദലിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ് നടത്തിയ ഹര്‍ത്താലില്‍ വൈക്കത്ത് അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. വെള്ളൂര്‍ ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍പോലും തടഞ്ഞു. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടുന്നു. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തലയോലപ്പറമ്പ് ഫെഡറല്‍ ബാങ്ക് തുറന്നത് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.
വൈക്കം ടൗണില്‍ കച്ചവട സ്ഥാപനങ്ങളും ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളുമെല്ലാം അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി എറണാകുളം ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തി. വൈക്കം-തവണക്കടവ് ഫെറിയില്‍ രാവിലെ നടത്തിയ സര്‍വീസുകള്‍ സമരക്കാര്‍ തടസപ്പെടുത്തിയെങ്കിലും പത്ത് മണിയോടെ സര്‍വീസുകള്‍ പുനരാരംഭിച്ചു.
താലൂക്ക് ഓഫിസുകളിലേക്ക് സി.എസ്.ഡി.എസ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി. എറണാകുളം കവലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പെട്രോള്‍ പമ്പുകള്‍ തുറന്നെങ്കിലും അനുകൂലികള്‍ അടപ്പിച്ചു. വൈക്കം ടൗണ്‍, തലയോലപ്പറമ്പ്, വെള്ളൂര്‍ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."